SignIn
Kerala Kaumudi Online
Monday, 09 November 2026 12.39 AM IST

ബാർ ലൈസൻസ്: വിജിലൻസ് പ്രത്യേകസംഘം അന്വേഷിച്ചേക്കും 

s

തിരുവനന്തപുരം: എക്‌സൈസ് മന്ത്രിയോ സർക്കാരോ അറിയാതെ ബാർ ലൈസൻസ് നൽകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക വിജിലൻസ് സംഘത്തിന്റെ അന്വേഷണം ഉണ്ടായേക്കും. ഏതു സാഹചര്യത്തിലാണ് ലൈസൻസ് അനുവദിച്ചതെന്നും പിന്നിൽ സാമ്പത്തിക ഇടപാടുണ്ടോയെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. പ്രതിപക്ഷ ആരോപണങ്ങളെ നേരിടാനാണ് ലൈസൻസ് അനുവദിക്കേണ്ടെന്ന് രേഖാമൂലം സർക്കാർ നിർദ്ദേശം നൽകിയത്.

ബാർ ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി എം.ലിജു അറിയിച്ചിരുന്നു. ഏതു തരത്തിലുള്ള അന്വേഷണം എന്ന് തീരുമാനിച്ചിരുന്നില്ല. പ്രത്യേക വിജിലൻസ് സംഘത്തിന്റെ അന്വേഷണം നടത്താനാണ് സർക്കാർ നീക്കം. വിരമിച്ച ഉദ്യോഗസ്ഥരടക്കം ബാർ ലൈസൻസ് നൽകുന്നതിൽ ഇടനിലനിൽക്കുന്നുവെന്ന ആരോപണം ശക്തമാണ്.

എക്‌സൈസ് മന്ത്രി അറിയാതെ ഉദ്യോഗസ്ഥർ നേരിട്ട് ബാർ ലൈസൻസുകൾ അനുവദിച്ചതും പുതുക്കിയതും സർക്കാരിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരുന്നു. ലൈസൻസുകൾ അനുവദിച്ചത് എക്‌സൈസ് കമ്മിഷണറുടെ സ്ഥാനമാറ്റത്തിനും രണ്ട് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനിലേക്കും എത്തിയിരുന്നു. നിലവിലുള്ള ചട്ടപ്രകാരമാണ് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയതെന്നാണ് പുറത്താക്കപ്പെട്ട എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിന്റേയും സസ്‌പെൻഷനിലായ രണ്ട് ഡെപ്യൂട്ടി കമ്മിഷണർമാരുടേയും നിലപാട്. കൃത്യമായ ഉത്തരവ് നൽകാതെ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നുവെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു.

എക്‌സൈസ് മന്ത്രി ഒന്നും അറിയുന്നില്ലെന്ന പ്രചരണത്തിനും ഇത് ഇടയാക്കി. തുടർന്നാണ് സർക്കുലർ പുറപ്പെടുവിക്കാൻ എക്‌സൈസ് കമ്മിഷണറുടെ ചുമതലയുള്ള അഡീഷണൽ എക്‌സൈസ് കമ്മിഷണർ ആർ.ജയശങ്കറിന് മന്ത്രി എം.ലിജു നിർദ്ദേശം നൽകിയത്. മദ്യനയവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്. ഇതിനിടെ ബാറുകൾ അനുവദിക്കുന്നത് യു.ഡി.എഫുമായി അടുത്തുനിൽക്കുന്ന കെ.സി.ബി.സിയെ ഉൾപ്പെടെ പ്രകോപിപ്പിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAR LICENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA