
കൊച്ചി: സ്മാർട്ട് ഫോണുകളുടെ ശരിയായ ഉപയോഗം അറിയാത്തവരാണ് സൈബർ കെണികളിൽ വീഴുന്നതിലേറെയുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 2027ൽ സമ്പൂർണ സൈബർ സുരക്ഷിത കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസ് സൈബർ വിഭാഗം രൂപകല്പന ചെയ്ത 'ക്ലിക്ക്' (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലിയന്റ് കേരളം) പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം 54,000ത്തിലധികം സൈബർ തട്ടിപ്പ് പരാതികളാണ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 250 എൻജിനീയറിംഗ് കോളേജുകളിൽ സൈബർ പ്രതിരോധ കേന്ദ്രങ്ങൾ സ്ഥാപിക്കും. കേരള പൊലീസിന്റെ സൈബർ സുരക്ഷാ ക്യാപ്ടനായി നടൻ മമ്മൂട്ടിയെ മന്ത്രി പ്രഖ്യാപിച്ചു. വിവിധ കോളേജുകളിലെ 15 വിദ്യാർത്ഥികളെ മന്ത്രിയും മമ്മൂട്ടിയും ചേർന്ന് 'സൈബർ ക്യാപ്ടൻ തൊപ്പി" അണിയിച്ചു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി പി. വിജയൻ, മേയർ അഡ്വ. വി.കെ. മിനിമോൾ, സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |