SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.21 AM IST

മൾട്ടി സ്റ്റേറ്റ് സഹ.സംഘങ്ങളിൽ ഏകീകൃത ഓഡിറ്റിംഗ്, വിവരങ്ങൾ കേന്ദ്ര നിരീക്ഷണത്തിൽ

a

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 105 മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളിലും ഏകീകൃത ഓഡിറ്റിംഗ് നടപ്പാക്കാൻ കേന്ദ്രം നിർദ്ദേശിച്ചു. ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും തടയാനും സുതാര്യത ഉറപ്പാക്കാനുമായാണ് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഏകീകൃത ഓഡിറ്റിംഗ് നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ 1000 കോടിക്ക് മുകളിൽ നിക്ഷേപമുള്ള സംഘങ്ങളിലാണ് നടപ്പാക്കുക. അതിനാൽ, കേരളത്തിലെ സംഘങ്ങൾ ഒഴിവാകും. 2027 ഓടെ നിക്ഷേപം കുറഞ്ഞ സംഘങ്ങൾക്കും ബാധകമാക്കും. ഇതോടെ കേരളത്തിലെ മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങൾക്കും ബാധകമാവും. ഇതോടെ നിക്ഷേപം ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും കേന്ദ്രത്തിന് ലഭ്യമാകും. കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം അനുസരിച്ച് മൾട്ടിസ്റ്റേറ്റ് സംഘങ്ങളുടെ സാമ്പത്തിക സുരക്ഷയും അവയുടെ മേലുള്ള നിരീക്ഷണവും ശക്തിപ്പെടുത്തും. നിഷ്‌ക്രിയ ആസ്തി, കുടിശ്ശിക വായ്പകൾ, വായ്പാതിരിച്ചടവിലെ വീഴ്ചകൾ, ലിക്വിഡിറ്റി, നിക്ഷേപങ്ങൾ എന്നിവ ഓഡിറ്റർമാർ കൃത്യമായി പരിശോധിച്ച് റിപ്പോർട്ട് ചെയ്യണം.

കേന്ദ്ര സഹകരണ സംഘം രജിസ്ട്രാറുടെ പോർട്ടലിലൂടെ ഐ.റ്റി അധിഷ്ഠിത നിരീക്ഷണം ശക്തമാക്കും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ ചട്ടങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. കോർപ്പറേറ്റ്‌മേഖലയ്ക്കു ബാധകമായ കമ്പനീസ് ഓർഡറിന്റെ മാതൃകയിലാണു മൾട്ടിസ്റ്റേറ്റ് സംഘങ്ങൾക്കുള്ള ഓഡിറ്റ് ഫ്രെയിംവർക്ക് തയ്യാറാക്കിയിരിക്കുന്നത്.

കൊച്ചിയിലെ അറ്റ്‌കോസിൽ

അന്വേഷണം

എറണാകുളം ആസ്ഥാനമായി കാർഷിക, ടൂറിസം വികസന രംഗത്തു പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണസംഘമായ അറ്റ്‌കോസിൽ അന്വേഷണം നടത്താൻ കേന്ദ്ര സഹകരണസംഘം രജിസ്ട്രാർ ഉത്തരവിട്ടു. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹിയിലെ പബ്ലിക് ഓഡിറ്റേഴ്സ് ഓഫ് ഇന്ത്യയോടാണ് ആവശ്യപ്പെട്ടത്. സ്ഥാപനം അടച്ചുപൂട്ടണമെന്ന് അറ്റ്‌കോസ് സംഘം സ്വമേധയാ അപേക്ഷിച്ചതിനെത്തുടർന്നാണിത്. കാലാവധിയെത്തിയിട്ടും നിക്ഷേപം തിരിച്ചുതന്നില്ലെന്ന പരാതി വ്യാപകമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA