
കൊച്ചി: ജഡ്‌ജിപുത്രൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്‌ണന്റെ കുടുംബം നിർദ്ദേശിക്കുന്നയാളെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജയബാലകൃഷ്‌ണന്റെ തെക്കൻചിറ്റൂരിലെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളിൽ കുടുംബം സംതൃപ്തരാണ്. കുടുംബത്തിന് അനുകൂലമായി പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകും. പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ പൊലീസ് ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. ജഡ്ജിയായാലും സാധാരണക്കാരനായാലും നിയമത്തിന് മുന്നിൽ തുല്യരാണ്. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നത് അനുവദിക്കില്ലെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |