SignIn
Kerala Kaumudi Online
Sunday, 01 November 2026 1.04 AM IST

ക്രമക്കേടിന് പി.എസ്.സി കോർഗ്രൂപ്പ് വിജ്ഞാപനവും തിരുത്തി ശാരീരിക യോഗ്യത ഇല്ലാത്തവരും റാങ്ക്ലിസ്റ്റിൽ

READ ENGLISH VERSION
psc

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായി വേണ്ടപ്പെട്ടവരെ നിയമിക്കാൻ വിജ്ഞാപനത്തിലും പി.എസ്.സിയിലെ ഉന്നതർ തിരുത്തൽ വരുത്തി.

പരീക്ഷാ- നിയമന തട്ടിപ്പുകൾക്ക് പിന്നിൽ ചെയർമാനും രാഷ്ട്രീയക്കാരായ മൂന്നംഗങ്ങളും അറസ്റ്റിലായ രണ്ടു ഉദ്യോഗസ്ഥരുമടങ്ങിയ ആറംഗ കോർഗ്രൂപ്പാണെന്ന് എസ്.ഐ.ടി കണ്ടെത്തി. സെക്രട്ടറിയെ ഒഴിവാക്കി ഇവരാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.

നാലാമത്തെ കേസിലാണ് വിജ്ഞാപനം തിരുത്തൽ കണ്ടെത്തിയത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിന് മുൻപ് വിദ്യാഭ്യാസ യോഗ്യതയിൽ രണ്ട് കോഴ്സുകൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു. ശാരീരിക യോഗ്യത ഇല്ലാത്തവരെയും ഉൾപ്പെടുത്തി. 'എസ്കാം വേദ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽ പ്രൊവൈഡേഴ്സ്", 'സാൻഫോൺഡറി ഡോട്ട് കോം" എന്നീ ഓൺലൈൻ സൈറ്റുകളിൽ നിന്ന് 45ചോദ്യങ്ങൾ പകർത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.

2024 സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് അനർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയെന്നും എഫ്.ഐ.ആറിലുണ്ട്. പെരുമ്പാവൂർ സ്വദേശി രാഹുൽ രാജിന്റെ പരാതിയിലാണ് കേസ്. ഉദ്യോഗസ്ഥരെ പ്രതികളാക്കിയെങ്കിലും ആരുടെയും പേര് പറഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്.എ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

സെക്രട്ടറിക്ക് പങ്കില്ലെന്ന്

പി.എസ്.സി സെക്രട്ടറി സാജു ജോർജ്ജിനെ മൂന്നുമണിക്കൂർ ചോദ്യം ചെയ്തു. ചെയർമാനും കൂട്ടരും നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. ക്രമക്കേടുകളുടെ കൂടുതൽ രേഖകളും കൈമാറി. അദ്ദേഹത്തിന് തട്ടിപ്പിൽ പങ്കില്ലെന്നാണ് എസ്.ഐ.ടിയുടെ നിഗമനം.

അന്വേഷണവുമായി സഹകരിക്കുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. പി.എസ്.സിയിൽ നിന്ന് ക്രൈംബ്രാഞ്ചിന് രേഖകൾ കൈമാറാൻ രൂപീകരിച്ച സ്പെഷ്യൽ സെല്ലിന്റെ തലവനായിരുന്നു സെക്രട്ടറി. പരീക്ഷാ കൺട്രോളർ ബിനി കെ.എബ്രഹാമിനെ ചൊവ്വാഴ്ച ചോദ്യംചെയ്യും. ചില ഉദ്യോഗസ്ഥരെ തിങ്കളാഴ്ച ചോദ്യംചെയ്യും. 12കമ്മിഷനംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകി.

ആറംഗ കോർ ഗ്രൂപ്പിന്റെ

വരുതിയിൽ പരീക്ഷ

ചോദ്യപേപ്പർ തയ്യാറാക്കൽ, അഭിമുഖസമിതി രൂപീകരണം, മാർക്കിടൽ, റാങ്ക്‌ലിസ്റ്റും നിയമനവും എന്നിവയിലെല്ലാം ആറംഗ കോർഗ്രൂപ്പിന് പങ്കുണ്ട്. പരീക്ഷാ കൺട്രോളർക്ക് ഉത്തരവാദിത്തത്തിൽ നിന്നൊഴിയാനാവില്ലെന്നും എസ്.ഐ.ടി പറയുന്നു.

ഗവർണറുടെ അനുമതി

തേടിയേക്കും

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും കൂടുതൽകേസുകളിൽ പ്രതിയാക്കാനും അറസ്റ്റ്ചെയ്യാനും ഗവർണറുടെ അനുമതി തേടിയേക്കും. അഴിമതി നിരോധന നിയമത്തിലെ 17(എ)പ്രകാരമാണിത്. ആസൂത്രണബോർഡ് തട്ടിപ്പിൽ പ്രതിയാക്കിയപ്പോൾ അനുമതി തേടിയിരുന്നില്ല. ഇത് ഹൈക്കോടതിയിൽ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. വിഷയം തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

മുൻകൂർ അനുമതി വിചാരണയ്ക്ക് മതിയെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിയമോപദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA