
തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തു നിന്ന് രാജമാണിക്യത്തെ മാറ്റിയതും വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഡിഷണൽ ചീഫ് സെക്രട്ടറിയടക്കം പലരേയും മാറ്റിയത് സിവിൽ സർവ്വീസ് ബോർഡ് യോഗം കൂടിയ ശേഷമാണ്. ഒരു ഓഫീസറും അതൃപ്തി അറിയിച്ചിട്ടുമില്ല.
ഹിമാചലിനെ ഒഴിവാക്കി സ്വകാര്യസ്ഥാപനത്തിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് 2232 കോടിയിലധികം രൂപയുടെ അധികബാദ്ധ്യത ഒഴിവാക്കാനാണ്. ഹിമാചൽ സർക്കാർ യൂണിറ്റിന് 14.50രൂപയാണ് ചോദിച്ചത്. സ്വകാര്യസ്ഥാപനത്തിൽ നിന്ന് (ജി.എൻ.എ ഓപ്പൺ പ്ലാറ്റ്‌ഫോം) 8.63രൂപ, 8.90രൂപ നിരക്കിലാണ് വാങ്ങുന്നത്. പീക്ക് സമയത്ത് ഹിമാചലിൽ നിന്ന് 353 ദശലക്ഷം യൂണിറ്റ് മാത്രം ലഭിക്കുമ്പോൾ ജി.എൻ.എ വഴി 453 ദശലക്ഷം യൂണിറ്റ് ലഭിക്കും. ഏറ്റവും കുറഞ്ഞ നിരക്കിൽ പീക്ക് വൈദ്യുതി ഉറപ്പാക്കിയതിനെയാണ് പ്രതിപക്ഷം രാഷ്ട്രീയവത്ക്കരിക്കുന്നത്.
സ്വകാര്യസ്ഥാപനത്തിൽ നിന്ന് പകലും വൈദ്യുതി വാങ്ങണമെന്നാണ് കരാർ. അത് കണക്കാക്കിയാൽ ഹിമാചലിൽ നിന്നുള്ളതാണ് ലാഭമെന്ന രാജമാണിക്യത്തിന്റെ നിർദ്ദേശം അവഗണിച്ചോ എന്ന ചോദ്യത്തിന്, പകൽ വാങ്ങുന്നത് മറിച്ചുവിൽക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിണറായി സർക്കാരിന്റെ കാലത്ത് ജിൻഡാൽ, അദാനി തുടങ്ങിയ കമ്പനികളിൽ നിന്നു വൈദ്യുതി വാങ്ങിയിട്ടുണ്ട്. കടുത്ത പ്രതിസന്ധിയുണ്ടായിരിക്കെ, 150 മെഗാവാട്ടിന്റെ ജനറേറ്റർ അറ്റക്കുറ്റപ്പണിയുടെ പേരിൽ നവംബർ വരെ അടച്ചിടാനുള്ള നീക്കം തടഞ്ഞെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |