തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ ( ആർ.സി.സി)ചികിത്സയിലുള്ള ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ കൈയിൽ അണുബാധയേറ്റ സംഭവത്തിൽ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്തിമ റിപ്പോർട്ട്.
മെഡിക്കൽ സൂപ്രണ്ട്, ഓങ്കോളജി വിഭാഗം മേധാവി,സർജൻ എന്നിവർ നൽകിയ അന്വേഷണ റിപ്പോർട്ട് ഇന്നലെ ആർ.സി.സി ഡയറക്ടർ ഡോ. രജനീഷ് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നൽകി. തുടർനടപടി സർക്കാർ സ്വീകരിക്കും.
കുഞ്ഞിന് നേരത്തെയുണ്ടായ രക്താർബുദത്തിന്റെ ഭാഗമായുള്ള ആരോഗ്യ പ്രശ്നമാണ് അണുബാധയ്ക്ക് കാരണമായെതെന്ന് പത്തോളജി വിഭാഗം കണ്ടെത്തിയിരുന്നു.
കൊല്ലം സ്വദേശികളായ വിഷ്ണുവിന്റെയും വീണയുടെയും മകൻ വിധാൻ നിലവിൽ വെൻറിലേറ്ററിലാണ്. ഇടതു കൈക്കു ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അണുബാധയും രക്തയോട്ടക്കുറവും കാരണം കോശങ്ങൾ നശിച്ചുവെന്നും കഴിഞ്ഞ ദിവസം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സെപ്തംബറിലാണ് രോഗം സ്ഥിരീകരിച്ചത്. 24ന് കീമോ തെറാപ്പിക്കായി ആർ.സി.സിയിൽ പ്രവേശിപ്പിച്ചു. 19ന് ഇടതു കൈയിൽ കാനുല ഇടുകയും മർദ്ദം കൊടുത്തതിന് പിന്നാലെ കൈ നീല നിറമായി നീരുവയ്ക്കുകയും ചെയ്തു. ഇക്കാര്യം അറിയിച്ചെങ്കിലും ചികിത്സ നൽകിയില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |