SignIn
Kerala Kaumudi Online
Monday, 02 November 2026 12.14 AM IST

ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട്:..... 8.80 ലക്ഷത്തിന്റെ അപ്പവും അരവണയും കാണാനില്ല

READ ENGLISH VERSION
sabarimala-women-entry

തിരുവനന്തപുരം: കഴിഞ്ഞ തീർത്ഥാടനകാലത്ത് 8.80 ലക്ഷം രൂപയുടെ ഉണ്ണിയപ്പവും അരവണയും ശബരിമലയിൽ കാണാതായി. എന്നാൽ ഉപയോഗ ശൂന്യമായെന്നാണ് രജിസ്റ്ററിലുള്ളത്. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ജീവനക്കാർ ക്രമക്കേട് നടത്തിയോ എന്നാണ് സംശയിക്കുന്നത്.

അരവണ സ്റ്റോക്കും വിതരണം ചെയ്ത പ്രസാദങ്ങളുടെ എണ്ണവും പരിശോധിച്ചപ്പോഴാണ് കണക്കിലെ പൊരുത്തക്കേട് ലോക്കൽ ഫണ്ട് ഓഡിറ്റ് സംഘം ശ്രദ്ധിച്ചത്. പ്രസാദം വിതരണം ചെയ്താൽ കിട്ടുന്ന തുകയേക്കാൾ കുറവാണ് രജിസ്റ്ററിലുള്ളത്. ദേവസ്വം വിജിലൻസിന്റെ പരിശോധനയിലാണ് അപ്പവും അരവണയും ഉപയോഗശൂന്യമാണെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തിയെന്ന് കണ്ടെത്തിയത്.

നവംബറിൽ തുടങ്ങുന്ന തീർത്ഥാടനകാലത്തിനായി സെപ്തംബറിലാണ് കരുതൽ ശേഖരമായി അപ്പവും അരവണയും നിർമ്മിക്കുന്നത്. ഇത് തീർത്ഥാടനകാലത്തിന്റെ തുടക്കത്തിൽ നൽകും. മാസങ്ങളോളം കേടാകാത്ത ഇവ തീർത്ഥാടനകാലയളവിൽ ഉപയോഗശൂന്യമായതിൽ പൊരുത്തക്കേടുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

 വി.ഐ.പികൾക്ക് നൽകിയതെന്ന് ജീവനക്കാർ

അപ്പവും അരവണയും ദർശനത്തിനെത്തിയ വി.ഐ.പികൾക്ക് നൽകിയെന്നാണ് വിതരണച്ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി. എന്നാൽ ഉപയോഗ ശൂന്യമെന്ന് എന്തിന് രജിസ്റ്ററിലെഴുതി എന്നതിനെക്കുറിച്ച് ജീവനക്കാർക്ക് ഉത്തരമില്ല. 8.80 ലക്ഷത്തിന്റെ പ്രസാദം വി.ഐ.പികൾക്ക് നൽകിയെന്ന മൊഴിയിൽ വിജിലൻസ് വിശ്വസിക്കുന്നില്ല. ദേവസ്വം വിജിലൻസ് ശബരിമല സ്‌പെഷ്യൽ കമ്മിഷണറെ ഇക്കാര്യമറിയിച്ചു. സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയെയും അറിയിച്ചു. ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കണം. വി.ഐ.പിക്ക് നൽകുന്ന പ്രസാദം ഇനി രജിസ്റ്ററിൽ രേഖപ്പെടുത്തണം. ക്രമക്കേട് തടയാൻ ഇത് സഹായിക്കുമെന്നും കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA