
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) റിപ്പോർട്ട്.
കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർക്ക് വധശ്രമക്കേസിൽ 16 ദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു.
പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തെത്താൻപോലും കഴിഞ്ഞില്ലെന്നും സാധാരണ പ്രതിഷേധത്തെ വീണാ ജോർജും ഗൺമാനും പെരുപ്പിച്ചു കാണിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഡി.ജി.പി. റവാഡ എ. ചന്ദ്രശേഖറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
വ്യാജമൊഴി നൽകിയ ഗൺമാനെതിരെ ഡി.ജി.പി.ക്ക് നടപടി സ്വീകരിക്കാമെന്നും റിപ്പോർട്ടിലുണ്ട്.
നടന്നത് കരിങ്കൊടി പ്രതിഷേധവും പൊലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തും തള്ളും മാത്രമാണ്. പ്രവർത്തകർ ആയുധമില്ലാതെയാണ് എത്തിയത്. കറുത്ത തുണി ഉയർത്തി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. തൊണ്ടിയായി ലഭിച്ചത് കരിങ്കൊടി മാത്രമാണ്. ഉന്തിലും തള്ളിലുമിടയിലാണ് മന്ത്രിക്ക് കഴുത്തുവേദനയുണ്ടായത്. സംഭവശേഷം അവർ മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് നടന്നാണ് പോയത്.
പുറമേ കാണാവുന്ന പരിക്കുകളില്ലായിരുന്നുവെന്നും, കഴുത്തിൽ കഠിനമായ വേദനയുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നുവെന്നുമാണ് പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി. കണ്ണൂർ ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിലും ആയുധം കൊണ്ടുള്ള പരിക്കിന്റെ സൂചനയില്ല.
ഗൺമാൻ എം.എസ്. അഭിലാഷിന്റെ പരാതിയിലാണ് കെ.എസ്.യു. പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നത്. ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന ആദ്യമൊഴി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നൽകിയതെന്ന് ഗൺമാൻ നേരത്തെ എസ്.ഐ.ടി.യോട് പറഞ്ഞിരുന്നു.
മന്ത്രി തെറിച്ചുപോയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്റെ പേരിൽ കള്ളമൊഴി എഴുതിച്ചേർത്തതാണെന്നും അന്ന് അവിടെ മന്ത്രിയുടെ സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന കണ്ണൂർ ടൗൺ എസ്.ഐ. വി.വി. ദീപ്തിയും എസ്.ഐ.ടി.ക്ക് മൊഴി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |