
കൊച്ചി: ശബരിമലയിലെ അഗ്നിശമന സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. സന്നിധാനത്തെ കെട്ടിടങ്ങളിൽ നാഷണൽ ബിൽഡിംഗ് കോഡ് പ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം. പ്രവർത്തനരഹിതമായ അഗ്നിശമന ഉപകരണങ്ങൾ മാറ്റണം. ഹൈഡ്രന്റ് പോയിന്റുകളിൽ മതിയായ ജലസമ്മർദ്ദം ഉറപ്പാക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പറഞ്ഞു.
മണ്ഡല, മകരവിളക്ക് മുന്നൊരുക്കങ്ങൾ വിലയിരുത്തുകയായിരുന്നു കോടതി.
എട്ട് താത്കാലിക ഫയർ സ്റ്റേഷനുകളിലായി 1,800 ഉദ്യോഗസ്ഥരെയും 18 സ്കൂബ ഡൈവർമാരെയും നിയോഗിക്കുമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. മകരവിളക്ക് വേളയിൽ അധിക സുരക്ഷയും ഏർപ്പെടുത്തും.
എരുമേലിയിൽ പരിശോധനകൾക്കായി നാല് സ്ക്വാഡുകളെ കൂടി നിയോഗിക്കാൻ തദ്ദേശ വകുപ്പിന് കോടതി നിർദ്ദേശം നൽകി. 24 മണിക്കൂറും പരിശോധന ഉറപ്പാക്കണം. കൃത്രിമ കുങ്കുമത്തിന്റെ വില്പന തടയാനും ഡ്യൂട്ടി മജിസ്‌ട്രേട്ടിനെ സഹായിക്കാനും അധിക ജീവനക്കാരെ നിയോഗിക്കണം. കോയിക്കാവ് മുതൽ അഴുതക്കടവ് വരെ വനംവകുപ്പ് ലേലം ചെയ്ത 250 കടകളിൽ പരിശോധന നടത്താൻ ജീവനക്കാരെ ലഭ്യമാക്കണം.
അരവണ, അപ്പം എന്നിവയുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം പമ്പയിലെ ലാബിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ സന്നിധാനത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പമ്പയിലും സന്നിധാനത്തും പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും.
വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി, വിഷയം 18ന് പരിഗണിക്കാൻ മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |