
തിരുവനന്തപുരം: കെ.പി.എ.സി യുടെ നാടകത്തിൽ പാട്ടുപാടാൻ പോയ പെൺകുട്ടി അഭ്രപാളികളിലേക്കുയർന്ന വിസ്മയമാണ് ശ്രീലത നമ്പൂതിരിയുടെ ജീവിതം. ഫെബ്രുവരി നാലിനു 75 വയസ് തികയുന്ന ശ്രീലത നമ്പൂതിരി ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. ഓർമ്മകൾ പങ്കുവയ്ക്കുന്നു ശ്രീലത.
പത്താംക്ളാസിൽ പഠിക്കുമ്പോൾ യുദ്ധകാണ്‌ഡം, കൂട്ടുകുടുംബം എന്നീ നാടകങ്ങളിൽ പാടാനാണ് കെ.പി.എ.എസിയിൽ നിന്ന് ക്ഷണം ലഭിച്ചത്. രണ്ടിലും പാടുകയും അഭിനയിക്കുകയുംചെയ്തു.
പ്രേംനസീറിന്റെ നായികയായി അഭിനയിച്ചിട്ടുള്ള കുമാരി തങ്കം അച്ഛന്റെ സഹോദരിയാണ്. വിരുതൻശങ്കുവിൽ അഭിനയിക്കാൻ അവർ ക്ഷണിച്ചു. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മദ്രാസിലേക്ക് പോയി. നായകൻ അടൂർ ഭാസിയാണന്നറിഞ്ഞതോടെ എനിക്ക് സങ്കടമായി. എന്റെ പ്രായം 16. അദ്ദേഹത്തിന് നാൽപ്പത്. മാത്രമല്ല കോമഡി വഴങ്ങില്ലെന്നൊരു തോന്നൽ.അതിനാൽ അഭിനയിച്ചില്ല. അപ്പച്ചിയുടെ വീട്ടിൽ താമസം തുടരവേ, ആശാചക്രം എന്ന സിനിമയിൽ സത്യൻമാഷിന്റെ മകളായാണ് ആദ്യഅഭിനയം. എം.കൃഷ്‌ണൻനായർ സാർ സംവിധാനം ചെയ്ത പഠിച്ച കള്ളനിലേക്കായിരുന്നു അടുത്ത ക്ഷണം. ഭാസിച്ചേട്ടന്റെ കൂടെയായിരുന്നു അഭിനയം. തുടർന്നുള്ള ചിത്രങ്ങളിലും ഭാസിച്ചേട്ടനായിരുന്നു ജോഡി. തുടർന്നങ്ങോട്ട് ചിരിക്കഥാപാത്രങ്ങളുടെ പൂരമായിരുന്നു.
1968 മുതൽ 1980 വരെ 12 വർഷമേ അഭിനയരംഗത്ത് നിന്നുള്ളൂവെങ്കിലും 250 ചിത്രങ്ങളിൽ വേഷമിട്ടു. ജയന്റെ മരണം സംഭവിച്ച കോളിളക്കത്തിലാണ് അവസാനമഭിനയിച്ചത്. അതിനിടെ മദ്രാസിൽവച്ച് ദക്ഷിണാമൂർത്തി സ്വാമികളുടെ ശിഷ്യയായി നാലുവർഷം ശാസ്ത്രീയസംഗീതം പഠിച്ചു. 1975ൽ ഹരിപ്പാട്ട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.16 സിനിമകളിൽ പാടി.
കല്യാണം കഴിഞ്ഞതോടെ അഭിനയവും സംഗീതവും മതിയാക്കി 23 വർഷം കുന്നംകുളത്ത് താമസിച്ചു. ഭർത്താവ് കാലടി നമ്പൂതിരി ഡോക്ടറായിരുന്നു. അദ്ദേഹം ആയുർവേദകോളേജിൽ പഠിക്കുന്ന കാലത്ത് എനിക്കൊപ്പം ശ്രീകുമാരൻ തമ്പിസാർ സംവിധാനം ചെയ്ത വേനലിൽ ഒരു മഴ എന്ന സിനിമയിലഭിനയിച്ചിരുന്നു. ആ സമയത്താണ് അദ്ദേഹം വിവാഹാഭ്യർത്ഥന നടത്തിയത്. മൂന്ന് സിനിമകളിൽക്കൂടി ഒന്നിച്ചഭിനയിച്ചു. 2002ലാണ് തിരുവനന്തപുരം ശാസ്തമംഗലത്ത് വീട് വാങ്ങി താമസമാക്കിയത്. 2005ൽ ഭർത്താവ് മരിച്ചു. ഷീല, ജയഭാരതി, ശാരദ, കെ.ആർ വിജയ എന്നിവരുമായി ഇപ്പോഴും അടുപ്പമുണ്ട്.
2006ൽ വിനോദയാത്രയിലൂടെ വീണ്ടും അഭിനയരംഗത്തെത്തി. സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. 2008ലാണ് വീണ്ടും സംഗീതകച്ചേരികൾ ആരംഭിച്ചത്.
ആലപ്പുഴ കരുവാറ്റയിൽ 1950 ഫെബ്രുവരി നാലിനായിരുന്നു ജനനം. അച്ഛൻ മിലിറ്ററി ഉദ്യോഗസ്ഥനായിരുന്ന ബാലകൃഷ്‌ണൻ നായർ. അച്ഛന്റെ നാട് തിരുവനന്തപുരമാണ്. സംഗീതാദ്ധ്യാപികയായിരുന്ന അമ്മ കമലമ്മ സംഗീതകച്ചേരികൾ നടത്തിയിരുന്നു.
മകൻ വിശാഖ്, മകൾ ഗംഗ. മരുമകൾ ഐശ്വര്യ, പേരക്കുട്ടി പ്രിയദത്ത. എല്ലാവരും യു.കെയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |