SignIn
Kerala Kaumudi Online
Friday, 22 May 2026 9.58 AM IST

'സഭയ്ക്കകത്ത് പക്ഷപാതം പാടില്ല, അതിനർത്ഥം രാഷ്ട്രീയാഭിപ്രായം പണയംവച്ച അരാഷ്ട്രീയവാദിയാകണം സ്‌പീക്കർ എന്നല്ല'

thiruvanchoor-radhakrishn

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കർ സ്ഥാനം ഏറ്റെടുക്കുന്നതിൽ വളരെ ഉത്സാഹത്തിലാണെന്നും ഉത്തരവാദിത്ത ബോദ്ധ്യമുണ്ടെന്നും മുൻമന്ത്രിയും സീനിയർ കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അദ്ദേഹമാണ് യു.ഡി.എഫിന്റെ സ്‌പീക്കർ സ്ഥാനാർത്ഥി. അതിദീർഘ കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നാണ് ഉത്തരവാദിത്തബോദ്ധ്യമുണ്ടായത്. വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'സഭയ്ക്കകത്ത് പക്ഷപാതം പാടില്ല. അതിനർത്ഥം രാഷ്ട്രീയ അഭിപ്രായം പണയം വച്ച അരാഷ്ട്രീയവാദിയാകണം സ്‌പീക്കർ എന്നല്ല. എല്ലാ അർത്ഥത്തിലും നീതി ബോധത്തോടെ പെരുമാറണം. നീതിനിഷ്ടമായി മുന്നോട്ടുപോകണം. നിഷ്‌പക്ഷമായി നിലപാടെടുക്കണം. പ്രീതിയോ ഭീതിയോയില്ലാതെ പരിശ്രമം പൂർത്തിയാക്കണം. മന്ത്രിസ്ഥാനവും സ്‌പീക്കർ സ്ഥാനവും തമ്മിൽ താരതമ്യം ചെയ്യാനാകില്ല. സ്‌പീക്കർ എന്ന ഉത്തരവാദിത്തം എനിക്ക് നിറവേറ്റാൻ കഴിയുമെന്ന് പാർട്ടി കണ്ടെത്തിയതിൽ സന്തോഷമുണ്ട്'- തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

നിയമസഭാ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും. എൽ.ഡി.എഫും സഭാ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിയും സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. എ.സി.മൊയ്തീൻ ആണ് ഇടതുമുന്നണി സ്ഥാനാർത്ഥി. ബി.ബി.ഗോപകുമാർ ആണ് ബി.ജെ.പിയുടേത്. 102 സീറ്റിന്റെ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ സ്പീക്കറാകുമെന്ന് ഉറപ്പാണ്. രാവിലെ ഒൻപതിന് പ്രോടെം സ്പീക്കർ ജി.സുധാകരന്റെ അദ്ധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിട്ടില്ല. 23 മുതൽ 28 വരെ സഭ ചേരില്ല. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നുമുതൽ മൂന്നുവരെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിൻമേൽ ചർച്ച നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THIRUVANCHOOR RADHAKRISHNAN, SPEAKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA