
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല. പുതിയ നിയമനം നടത്തും. നിലവിലെ ജീവനക്കാരിൽ അർഹതയുള്ളവർക്ക് അവസരം നൽകും.
പത്തുവർഷത്തിലേറെയായി ഗ്രാമ,ബ്ളോക്ക്,ജില്ലാ പഞ്ചായത്തുകളിൽ ജോലി ചെയ്തിരുന്ന അയ്യായിരത്തോളം കരാർ ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ പ്രതീക്ഷ ഇല്ലാതായി.
തൊഴിലുറപ്പ് പേരുമാറ്റി പുതിയ നിബന്ധനകളോടെ വിബിജി റാം (ജി) പദ്ധതിയെന്നാക്കിയ സാഹചര്യത്തിലാണ് സർക്കാർ നിലപാട്. ജീവനക്കാരുടെ ആവശ്യകത പുനർനിർണയിക്കുന്നതിനെക്കുറിച്ചും തദ്ദേശവകുപ്പ് സെക്രട്ടറി അനുപമ ടി.വി. പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്
മുൻകാലപ്രാബല്യത്തോടെ സ്ഥിരപ്പെടുത്തി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം.അഹാഡ്സിലും ഡിആർഡിഎയിലും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദം.
അനുവദിക്കപ്പെട്ട തസ്തികകളില്ലാതെ സ്ഥിരനിയമനം സാധ്യമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പും സർക്കാരും അസന്നിഗ്ദ്ധമായി വ്യക്തമാക്കി.പത്തുവർഷം പൂർത്തിയാക്കിയ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നിർദ്ദേശം മുൻസർക്കാരിന്റെ കാലത്ത് ധനവകുപ്പും മടക്കിയിരുന്നു. ഇതിനെതിരെ ജീവനക്കാർ സമർപ്പിച്ച ഹർജിയിൽ അവരുടെ ആവശ്യം നേരിൽ കേട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാൻ 2026 ഫെബ്രുവരി 12ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഹിയറിങ് നടത്തിയ ശേഷമാണ് സർക്കാർ തീരുമാനം ഉത്തരവായി പുറത്തിറക്കിയത്.
തൊഴിലുറപ്പ് പദ്ധതിയിൽ സ്ഥിരംതസ്തികകൾ ഒന്നും സൃഷ്ടിച്ചിട്ടില്ല. കരാറിൽ നിയമിച്ചവരെ സ്ഥിരപ്പെടുത്താൻ നിയമവുമില്ല.
പുതിയ തൊഴിലുറപ്പ് പദ്ധതിയായ വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ് ഗാർ ആൻഡ് ആജീവിക മിഷൻ – ഗ്രാമീൺ (വിബിജിറാം(ജി)) പദ്ധതിയിൽ കേന്ദ്ര–സംസ്ഥാന വിഹിതം 60:40 അനുപാതത്തിലാണ്. കൂടുതലുള്ള ചെലവ് സംസ്ഥാനം വഹിക്കേണ്ടിയുംവരും. സ്ഥിരപ്പെടുത്തൽ നടന്നാൽ അധിക സാമ്പത്തിക ബാധ്യത സംസ്ഥാനത്തിനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |