
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാല സസ്‌പെൻഡ് ചെയ്ത എസ്.എഫ്.ഐ അനുഭാവികളെ ഇന്ന് തുടങ്ങുന്ന പരീക്ഷ എഴുതാൻ അനുവദിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സർവകലാശാലയും വൈസ് ചാൻസലറും നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. പരീക്ഷ എഴുതാനും ഹാജർ ഇളവിനുമായി വിദ്യാർത്ഥികൾ നിശ്ചിതസമയത്ത് അപേക്ഷിച്ചിരുന്നില്ലെന്ന വാദം കണക്കിലെടുത്താണിത്. ഈ വസ്തുത പരിഗണിക്കാതെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് തെറ്റാണ്. സർവകലാശാലയുടെ നിലപാട് തേടാതെയാണ് ഇടക്കാല ഉത്തരവിട്ടത്. ചട്ടം മറികടക്കാൻ സർവകലാശാലകളോട് നിർദ്ദേശിക്കാൻ കോടതികൾക്കാവില്ലെന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടി. ഇന്ന് മുതലുള്ള പരീക്ഷ ബാധകമല്ലാത്തവരും ഹർജിക്കാരിൽ ഉൾപ്പെട്ടിരുന്നതായും ഡിവിഷൻബെഞ്ച് പറഞ്ഞു.
ആഗസ്റ്റ് 13 ന് സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായി 16 വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ നീണ്ടതിനാലാണ് ഹാജർ കുറഞ്ഞതെന്നായിരുന്നു വിദ്യാർത്ഥികളുടെ വാദം. സസ്‌പെൻഷനെ ചോദ്യം ചെയ്ത് നൽകിയ ഹർജി പിന്നീട് സിംഗിൾ ബെഞ്ച് പരിഗണിക്കും.
അതേസമയം ഹാജർ വ്യവസ്ഥകളും ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗികപ്രശ്നങ്ങളും വിലയിരുത്തിയാണ് അപ്പീൽ സമർപ്പിച്ചതെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദ്യാഭ്യാസ അവസരം നിഷേധിക്കാനുള്ള ശ്രമമായി അപ്പീലിനെ കാണരുതെന്നും വ്യക്തമാക്കി.
നിരാഹാരം തുടരുന്നു
സസ്‌പെൻഷൻ പിൻവലിക്കാത്തതിലും പരീക്ഷ എഴുതാൻ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് സർവകലാശാല കവാടത്തിൽ സസ്‌പെൻഷനിലുള്ള പതിനാറു പേരിൽ പി.എം.അശ്വന്ത്, കെ.വി.അഭിജിത്ത്, പി.എസ്.അർച്ചന എന്നിവരുടെ നിരാഹാരസമരം മൂന്നാം ദിനത്തിലേക്ക് കടന്നു. മാപ്പ് എഴുതി നൽകിയാൽ സസ്‌പെൻഷൻ പിൻവലിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചെങ്കിലും വിദ്യാർത്ഥികൾ വഴങ്ങിയിട്ടില്ല. വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് മുൻ വി.സിമാരായ ഡോ.ധർമ്മരാജ് അടാട്ട്, ഡോ.എം.വി.നാരായണൻ, ഡോ.ജെ.പ്രസാദ് എന്നിവർ ആവശ്യപ്പെട്ടു. മുൻപ്രൊ.വി.സിമാരും പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |