
തിരുവനന്തപുരം: മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകും എന്ന കാര്യത്തിൽ ഇന്ന് തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന്, അദ്ദേഹം എന്റെ നേതാവാണെന്നും നേരിൽ കാണുമെന്നും സതീശൻ മറുപടി നൽകി. കൂടാതെ, മുസ്ലീം ലീഗിനെതിരായ പ്രചരണങ്ങൾക്കും പെട്രോൾ വില വർദ്ധനയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
'മന്ത്രിസഭാ രൂപീകരണത്തിനായി ഇന്ന് യോഗം ചേരും. യുഡിഎഫ് ഘടകകക്ഷികളുമായി വിശദമായ ചർച്ച നടത്തും. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എഐസിസി നേതാക്കൾ എന്നിവരെല്ലാം ചർച്ചയിൽ പങ്കെടുക്കും. ആരൊക്കെ മന്ത്രിസഭയിലുണ്ടാകും എന്നതിൽ ഇന്ന് അന്തിമതീരുമാനമുണ്ടാകും. രമേശ് ചെന്നിത്തല എന്റെ നേതാവാണ്. അദ്ദേഹത്തെ വീട്ടിലെത്തി നേരിൽ കാണും. നല്ല ടീമുണ്ടാകും.
തിരഞ്ഞെടുപ്പ് കാലത്തും ലീഗിനെ വർഗീയവൽക്കരിക്കാൻ ബിജെപി ശ്രമിച്ചു. ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് മുസ്ലീം ലീഗാണ്. അവർ കെ കരുണാകരന്റെ കാലം മുതൽ ഞങ്ങൾക്കൊപ്പമുണ്ട്. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തിൽ വിദ്വേഷമുണ്ടാക്കാനാണ്. വർഗീയശക്തികളെ തടുത്തുനിർത്തുന്നവരാണ് മുസ്ലീം ലീഗ്. എതിർക്കുന്നവർ ഇത് മനസിലാക്കണം. കേരളത്തെ ഭിന്നിപ്പിക്കാൻ സമ്മതിക്കില്ല. എന്ത് വിലകൊടുത്തും അതിനെ എതിർക്കും. ഞങ്ങളുടേത് മതേതര കേരളമാണ്. അതിൽ ഒരു പോറലുപോലും ഏൽപ്പിക്കാൻ അനുവദിക്കില്ല.
പെട്രോൾ വില കൂടിയതിൽ സാധാരണ ജനങ്ങൾക്ക് സാമ്പത്തികമായി ഉണ്ടായേക്കാവുന്ന ആഘാതം കുറയ്‌ക്കാനായി എന്ത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ ചർച്ച ചെയ്യുകയാണ്' - വി ഡി സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |