SignIn
Kerala Kaumudi Online
Thursday, 01 October 2026 1.54 AM IST

മുഖ്യമന്ത്രിക്കു വേണ്ട ആഡംബര അകമ്പടി പൊലീസിനോട് ക്ഷോഭിച്ച് വി.ഡി

aa

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയത് ഒഴിവാക്കി. മുഖ്യമന്ത്രിയുടെ കർശനനിർദ്ദേശത്തെത്തുടർന്നാണിത്. ഇന്നലെ രാവിലെ എട്ടിന് കവടിയാർ വിവേകാനന്ദ പാർക്കിൽ വയോജന വകുപ്പിന്റെ വാക്കത്തോൺ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് പൈലറ്റ് വാഹനത്തിനു പുറമെ ഒരു പൊലീസ് വാഹനം കൂടി ഉണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയ ഉടൻ മുഖ്യമന്ത്രി ഡി.സി.പി കെ.എസ്.ഷഹൻഷായെ അടുത്തേക്ക് വിളിപ്പിച്ച് ഇക്കാര്യത്തിലുള്ള വിയോജിപ്പ് അറിയിച്ചു. തുടർന്ന്, ലോക്കൽ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ വാഹനം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിൽ കയറരുതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ഡോ.അരുൾ ആർ.ബി. കൃഷ്ണ വയർലസ് നിർദ്ദേശം നൽകി.

ദേവസ്വം ബോർഡ് ജംഗ്ഷനിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന മ്യൂസിയം സി.ഐയുടെ വാഹനമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു മുന്നിലോടിയത്. കവടിയാർ പാർക്ക് വരെ ഇത് തുടർന്നു.

അനിയന്ത്രിതമായി ജനക്കൂട്ടം മുഖ്യമന്ത്രിക്ക് അടുത്തെത്തുകയും ശരീരത്തിൽ സ്പർശിക്കുന്ന വിധത്തിൽ ഇടപഴകുകയും ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷ കൂട്ടണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അംഗീകരിച്ചിരുന്നില്ല. തനിക്ക് ഓരോ പൈലറ്റ്, എസ്കോർട്ട് വാഹനം മാത്രം മതിയെന്ന നിലപാടിലാണു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകാൻ ജനങ്ങളെ തടയരുതെന്നും ഒരു ഗതാഗത ക്രമീകരണവും തനിക്കായി പാടില്ലെന്നും റോ‌ഡ് അടച്ചിടരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA