
ആലപ്പുഴ : വിഭാഗീയത രൂക്ഷമായ ആലപ്പുഴ സി.പി.എമ്മിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് എതിരെ കടുത്ത നടപടിയുമായി പാർട്ടി, എം.എൽ.എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.പി. ചിത്തരഞ്ജനെ ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലനെയും ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയിട്ടുണ്ട്. ലഹരികടത്ത് കേസിൽ പ്രതിയായ എ. ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം
സൗത്ത് ഏരിയാ സെക്രട്ടറിയുടെ ചുമതല സിബി ചന്ദ്രബാബുവിന് നൽകി. ഹരിപ്പാട് ഏരിയാ സെക്രട്ടറിയുടെ ചുമതല കെ.എച്ച്. ബാബുരാജിനാണ്. നോർത്ത്, സൗത്ത് ഏരിയാ കമ്മിറ്റികൾ ഒന്നാക്കും. ജില്ലാ സെക്രട്ടേറിയറ്റിലെ രണ്ട് ഒഴിവുകൾ നികത്തേണ്ടെന്നും തീരുമാനമെടുത്തട്ടുണ്ട്, വിശദീകരണ നോട്ടീസ് ലഭിച്ച 25 നേതാക്കളെ കീഴ് ഘടകങ്ങളിലേക്ക് തരംതാഴ്ത്തി.
വിഭാഗീയ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു, ടി,പി, രാമകൃഷ്ണൻ, പി.കെ. ബിജു എന്നിവർ അംഗങ്ങളായ കമ്മിഷൻ സമ്മേളനകാലത്ത് ജില്ലയിൽ കടുത്ത വിഭാഗീയത ഉണ്ടായി എന്ന് റിപ്പോർട്ട് നൽകിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളടക്കം 40 പേർ വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമായി എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികളിലേക്ക് സി.പി.എം നീങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |