SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

ഗുഡ്ബൈ എസ്.എസ്.എൽ.സി,​ ആഘോഷിച്ച് വിദ്യാർത്ഥികൾ

exam

ആലപ്പുഴ: മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കും സമ്മർദ്ദങ്ങൾക്കും വിരമാമിട്ട് എസ്.എസ്.എൽ.സി പരീക്ഷകൾ അവസാനിച്ചു. ഇനി നീണ്ട വേനലവധി. എന്നാൽ പരീക്ഷ കഴിഞ്ഞ് കളർ വീശി എറിഞ്ഞും കെട്ടിപ്പിടിച്ചും വിട പറയുന്ന രംഗങ്ങൾ ഇത്തവണ കുറവായിരുന്നു. ഉത്തരക്കടലാസുകൾ കൈമാറി ക്ലാസ് മുറികളിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും കൂട്ടിക്കൊണ്ടുപോകാൻ രക്ഷകർത്താക്കളെത്തിയിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പരീക്ഷ കഴിഞ്ഞ് കൂട്ടിക്കൊണ്ടുപോകാൻ രക്ഷകർത്താക്കളെത്തണമെന്ന നിർദ്ദേശമുള്ളതാണ് കാരണം. ചില സ്‌കൂളുകളിൽ മാതാപിതാക്കളെത്തും വരെ കുട്ടികളെ ക്ലാസ് മുറികളിൽ തന്നെ ഇരുത്തി. ചിലയിടങ്ങളിൽ ക്ലാസിന് പുറത്തേക്കുവിട്ടെങ്കിലും മാതാപിതാക്കളാരെങ്കിലും വരുന്നതുവരെ പ്രധാനകവാടത്തിന് അകത്തുതന്നെ കാത്തുനിന്നു. സഹപാഠികളിൽ പലരും ചുരുങ്ങിയ നിമിഷത്തിനുള്ളിൽ 'ബൈ' പറഞ്ഞു കടന്നു. അതേസമയം ചുരുക്കം ചില സ്‌കൂളുകളിൽ വീണുകിട്ടിയ ചെറിയ ഇടവേളകളിൽ ആഘോഷിക്കാനും കുട്ടികൾ മറന്നില്ല. വസ്ത്രങ്ങളിൽ പേരെഴുതിയും ചിത്രം വരച്ചും അവർ സന്തോഷം പങ്കിട്ടു. ഇത്തവണത്തെ പരീക്ഷ പൊതുവെ എളുപ്പമായിരുന്നെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കണക്ക് മാത്രമാണ് അല്പം കടുപ്പമായി തോന്നിയത്. ബാക്കിയെല്ലാ വിഷയങ്ങളും പഠിച്ചതൊക്കെ തന്നെയാണ് വന്നതെന്ന സന്തോഷത്തിലാണ് കുട്ടികൾ. 20316 വിദ്യാർത്ഥിളാണ് ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതാനുണ്ടായിരുന്നത്. ഇതിൽ 10165 ആൺകുട്ടികളും 10151 പെൺകുട്ടികളുമാണ്. ഈ മാസം അഞ്ചിനാണ് പരീക്ഷ തുടങ്ങിയത്. ആറിന് ഹയർ സെക്കൻഡറി പരീക്ഷയും തുടങ്ങിയിരുന്നു. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ശനിയാഴ്ച അവസാനിച്ചു. മൂല്യനിർണയ ക്യാമ്പ്‌ ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാകും. മേയ് മൂന്നാം വാരത്തിലാണ്‌ ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങളെ ബാധിക്കാത്ത തരത്തിലാണ്‌ മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL