SignIn
Kerala Kaumudi Online
Tuesday, 16 June 2026 11.34 PM IST

യോദ്ധാക്കൾ അണിനിരന്നു , ഓച്ചിറക്കളിക്ക് തുടക്കം

ocr

ഓച്ചിറ : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഓച്ചിറക്കളിയ്ക്ക് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുടക്കമായി. ഓച്ചിറക്കളിക്ക് മുന്നോടിയായി എട്ടുകണ്ടം, തകിടികണ്ടം, പടനിലം എന്നിവ വൃത്തിയാക്കി പടനിലം കൊടിതോരണങ്ങൾ, മുത്തുക്കുടകൾ എന്നിവ കൊണ്ട് അലങ്കരിച്ചിരുന്നു. ഭരണസമിതി വിതരണം ചെയ്ത പിങ്ക്, മഞ്ഞ, നീല നിറത്തിലുമുള്ള ബനിയനുകൾ ധരിച്ചാണ് കളരി ആശാന്മാരും യോദ്ധാക്കളും ഓച്ചിറക്കളിയിൽ അണിചേന്നത്.

കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52കരകളിലെ ഇരുന്നൂറോളം കളരികളിൽനിന്നും ആയിരത്തോളം യോദ്ധാക്കൾ പടനിലത്തെത്തി ആയോധനകൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് 12ന് ഭരണസമിതി സെക്രട്ടറി ബി.എസ് വിനോദ് ധ്വജം പടത്തലവൻമാർക്ക് കൈമാറിയതോടെ ഘോഷയാത്ര ആരംഭിച്ചു. അലങ്കരിച്ച ഋഷഭ വീരന്മാർ, താലപ്പൊലി, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് കരനാഥന്മാർ, സ്ഥാനികൾ, ഭരണസമിതി അംഗങ്ങൾ, ഗുരുക്കന്മാർ എന്നിവർ നേതൃത്വം നൽകി. ഘോഷയാത്ര കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, എട്ടുകണ്ടം, ഒണ്ടിക്കാവ്, തകിടിക്കണ്ടം, മഹാലക്ഷ്മി കോവിൽ, അയ്യപ്പൻ കോവിൽ, ഗണപതി ആൽത്തറ എന്നിവ വലംവെച്ച് എട്ട് കണ്ടത്തിന് കിഴക്കും പടിഞ്ഞാറുമായി അണിനിരന്നു. തുടർന്ന് കരക്കളി ആരംഭിച്ചു. കൃഷ്ണപ്പരുന്ത് എട്ടുകണ്ടത്തിന് മുകളിൽ വട്ടമിട്ട് പറന്നതോടെ ഭരണ സമിതി അംഗങ്ങൾക്കൊപ്പം കരനാഥന്മാർ എട്ടുകണ്ടത്തിലിറങ്ങി കരപറഞ്ഞ് പരസ്പരം ഹസ്തദാനം ചെയ്തു. ഇതോടെ ഇരുകരകളിലുമായി നിലയുറപ്പിച്ച യോദ്ധാക്കൾ രണഭേരി മുഴക്കി എട്ടുകണ്ടത്തിലിറങ്ങി പോരാട്ടം നടത്തി.. തകിടി കണ്ടത്തിലും അല്പനേരം പോരാട്ടം നടത്തിയതിന് ശേഷം ക്ഷേത്രക്കുളത്തിൽ സ്നാനവും കഴിഞ്ഞ് കളരികളിലേക്ക് മടങ്ങി.കളി നാളെയും തുടരും.

സി.ആർ മഹേഷ് എം.എൽ.എ ഓച്ചിറക്കളി ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാജീവ് കടകമ്പള്ളി അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ബി.എസ്.വിനോദ് സ്വാഗതം പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനൻ, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ഭരണസമിതി വൈസ് പ്രസിഡന്റ് ആർ.ഡി.പത്മകുമാർ, ട്രഷറർ സാഗർ മക്കാടം തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL