ആലപ്പുഴ : പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കുതിച്ചുയർന്ന പാരഫിൻ വാക്സ് വിലയിൽ ഇടിവുണ്ടായി തുടങ്ങിയത് മെഴുകുതിരി വ്യവസായ മേഖല പ്രതീക്ഷയോടെ കാണുന്നു. കിലോയ്ക്ക് 80രൂപയിൽ നിന്ന് 200 രൂപയിലേക്കാണ് വില കുതിച്ചു കയറിയത്. ഇപ്പോൾ കിലോയക്ക് 10 രൂപയുടെ കുറവാണുണ്ടായതെങ്കിലും വരുംദിവസങ്ങളിൽ വില കുറയാനുള്ള സാദ്ധ്യത മേഖലയിലുള്ളവർ കാണുന്നുണ്ട്.
സംസ്ഥാനത്ത് ചെറുതും വലുതുമായി 714 മെഴുകുതിരി നിർമ്മാണ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ചെറുകിട, കുടിൽ വ്യവസായ മേഖലകളിലായി പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളെ ആശ്രയിച്ച് നേരിട്ടും പരോക്ഷമായും ഏകദേശം ഒരു ലക്ഷം കുടുംബങ്ങൾ ഉപജീവനമാർഗം കണ്ടെത്തുന്നുണ്ട്. പാരഫിൻ വാക്സിന്റെ വില കുതിച്ചുയർന്നതോടെ ഉത്പാദനച്ചെലവ് വർദ്ധിക്കുകയും പല യൂണിറ്റുകളും ഉത്പാദനം കുറയ്‌ക്കുകയും ചെയ്തിരുന്നു. 400ഓളം തരത്തിലുള്ള മെഴുകുതിരികൾ വിപണിയിലുണ്ട്. ഓരോന്നിനും വലിപ്പത്തിനും നിറത്തിനും ആകൃതിക്കും അനുസരിച്ചാണ് വില. പ്രതിസന്ധി രൂക്ഷമായപ്പോൾ ഒരുകിലോ മെഴുകുതിരിക്ക് 100 രൂപയാണ് വില കൂട്ടിയത്. 150 രൂപയായിരുന്നത് 250 രൂപയാക്കി വർദ്ധിപ്പിച്ചു.
പാരഫിൻ വാക്സിന്റെ വിലയിൽ ചെറിയ കുറവുണ്ടായതും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത മെച്ചപ്പെട്ടതും പല യൂണിറ്റുകളെയും വീണ്ടും സജീവമാക്കുന്നുണ്ട്. ഇതിനുപുറമെ നൂൽ, പാക്കിംഗ് സാമഗ്രികൾ എന്നിവയുടെ വിലയും ഗതാഗതച്ചെലവേറിയതും മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ലഭ്യത സാധാരണനിലയിലേക്ക്
യുദ്ധത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ വിതരണശൃംഖല താളംതെറ്റുകയും ഇറക്കുമതി വൈകുകയും ചെയ്തിരുന്നു
വിദേശ രാജ്യങ്ങളിൽനിന്നുള്ള പാരഫിൻ വാക്സ് ലഭ്യത ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല
സംസ്ഥാനത്തെ ചില കമ്പനികളുടെ മെഴുകുതിരി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്
5 പേര് മുതൽ 100 പേരുവരെ ജോലി ചെയ്യുന്ന മെഴുകുതിരി നിർമ്മാണ യൂണീറ്റുകൾ സംസ്ഥാനത്തുണ്ട്.
സംസ്ഥാനത്ത് മെഴുകുതിരി യൂണിറ്റുകൾ
714
മെഴുകുതിരിക്ക് വില കൂട്ടിയതോടെ വില്പന കുറഞ്ഞു. പാരഫിൻ വാക്സിന്റെ വില കുറയുന്നതിനനുസരിച്ച് മെഴുകുതിരി യുടെ വിലയും കുറയ്ക്കും
-പി.ജെ. ജോസ് ,വൈസ് പ്രസിഡന്റ്
കേരള കാൻഡിൽ മാനുഫാക്ച്ചറേഴ്‌സ് അസസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |