SignIn
Kerala Kaumudi Online
Thursday, 28 May 2026 10.43 PM IST

നെല്ലിക്കുഴി ഫർണിച്ചർ ഹബ്ബ് പ്രഖ്യാപനത്തിലൊതുങ്ങി, പ്രതിസന്ധിയിൽ വ്യവസായ മേഖല

furnture

കോതമംഗലം: കേരളത്തിലെ പ്രമുഖ ഫർണിച്ചർ വ്യവസായ-വ്യാപാര കേന്ദ്രങ്ങളിലൊന്നായ നെല്ലിക്കുഴിയെ ഫർണിച്ചർ ഹബ്ബായി ഉയർത്തുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഫർണിച്ചർ ഹബ്ബ് നെല്ലിക്കുഴിയിൽ സ്ഥാപിക്കുമെന്ന് അവകാശവാദമുണ്ടായിരുന്നെങ്കിലും ചില യോഗങ്ങൾ വിളിച്ചുചേർത്തതൊഴിച്ചാൽ മറ്റ് നടപടികളൊന്നുമുണ്ടായില്ല. ഫർണിച്ചർ ഹബ്ബ് യാഥാർത്ഥ്യമായാൽ മേഖലയുടെ സമഗ്ര വളർച്ചയ്ക്കും വ്യാപാരികൾക്കും വ്യവസായികൾക്കും സർക്കാർ സഹായങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാനും ഉപകരിക്കുമായിരുന്നു. വായ്പാസൗകര്യം, ലൈസൻസ് വ്യവസ്ഥകളിൽ ഇളവ്, വ്യാപാരി-തൊഴിലാളി സൗഹൃദ അന്തരീക്ഷം എന്നിവ ഉറപ്പാക്കിയാൽ കൂടുതൽ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും സാദ്ധ്യത തെളിയും. നെല്ലിക്കുഴി ഫർണിച്ചറുകൾക്ക് കൂടുതൽ പ്രചാരം ലഭിക്കാനും വിപണി വിപുലീകരിക്കാനും പദ്ധതി സഹായകരമാകുമെന്നിരിക്കെ, ഹബ്ബ് യാഥാർത്ഥ്യമാക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.

ഗുണനിലവാരവും വിലക്കുറവും

നൂറുകണക്കിന് ഫർണിച്ചർ നിർമ്മാണ-വ്യാപാര സ്ഥാപനങ്ങളും അനുബന്ധ സംരംഭങ്ങളുമാണ് നെല്ലിക്കുഴിയിലുള്ളത്. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഈ മേഖല സർക്കാർ ഖജനാവിനും ഗ്രാമപഞ്ചായത്തിനും വലിയ വരുമാനം നൽകുന്നു. തേക്ക്, മഹാഗണി, അക്കേഷ്യ തുടങ്ങിയ തടികൾ ഉപയോഗിച്ചുള്ള ഫർണിച്ചറുകളാണ് ഇവിടെ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഗുണനിലവാരവും വിലക്കുറവുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തമിഴ്‌നാട്ടിലേക്കും ഇവിടെനിന്ന് വൻതോതിൽ ഫർണിച്ചറുകൾ കയറ്റി അയക്കുന്നുണ്ട്.

നിർമ്മാണച്ചെലവ് കുത്തനെ കൂട്ടി

വലിയ പ്രതിസന്ധികളിലൂടെയാണ് ഈ മേഖല കടന്നുപോകുന്നത്. വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമമാണ് പ്രധാന വെല്ലുവിളി. തൊഴിലാളികളിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. നാട്ടിലേക്ക് പോയ തൊഴിലാളികൾ മടങ്ങിവരാത്തതും ഉയർന്ന കൂലി നൽകേണ്ടി വരുന്നതും സംരംഭകരെ പ്രതിസന്ധിയിലാക്കുന്നു. പ്രാദേശിക തൊഴിലാളികളെ മാത്രം ആശ്രയിച്ച് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഉടമകൾ പറയുന്നു.

ആഗോള സാഹചര്യങ്ങളും മേഖലയെ ബാധിച്ചിട്ടുണ്ട്. ഫർണിച്ചർ വ്യവസായത്തിന് ആവശ്യമായ ഫോം, പോളിഷിംഗ് സാമഗ്രികൾ തുടങ്ങിയ പെട്രോളിയം അധിഷ്ഠിത ഉത്പന്നങ്ങളുടെ വിലവർദ്ധനവ് നിർമ്മാണച്ചെലവ് കുത്തനെ കൂട്ടി. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ സമാനമായ വ്യവസായങ്ങൾ വളർന്നതും നെല്ലിക്കുഴിക്ക് വെല്ലുവിളിയായി. പ്രതിസന്ധി അതിജീവിക്കാൻ കഴിയാതെ ഒട്ടനവധി സ്ഥാപനങ്ങളാണ് ഇതിനകം അടച്ചുപൂട്ടിയത്.

നിരവധി തൊഴിൽ അവസരങ്ങളും നാടിന്റെ വികസനവും സാദ്ധ്യമാക്കുന്ന നെല്ലിക്കുഴിയിലെ ഫർണിച്ചർ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാകണം. ഫർണിച്ചർ ഹബ്ബിന്റെ സാദ്ധ്യത വീണ്ടും പരിശോധിക്കണം. പുതിയ സർക്കാരും കോതമംഗലം എം.എൽ.എയും ഇടപെടണം.

ഉണ്ണി പ്രവാസി, ഫർണിച്ചർ വ്യാപാരി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL