SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.21 AM IST

അപകടക്കെണിയായി കോലാംകുടി ബസ് സ്റ്റോപ്പിലെ തുറന്ന കാന

rod
കോലാംകുടി ബസ് സ്റ്റോപ്പിന് സമീപം റോഡിനോട് ചേർന്നുള്ള തുറന്ന ഡ്രെയിനേജ്

കിഴക്കമ്പലം: പട്ടിമറ്റം നെല്ലാട് റോഡിലെ കോലാംകുടി ബസ് സ്റ്റോപ്പിന് സമീപം റോഡിനോട് ചേർന്നുള്ള തുറന്ന ഡ്രെയിനേജും സ്ഥലപരിമിതിയും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഇവിടെ മതിയായ വീതിയിലുള്ള നടപ്പാതയോ സുരക്ഷിതമായ കാത്തിരിപ്പ് സൗകര്യമോ ഇല്ലാത്തത് അപകടഭീഷണിയാണ്.

വിദ്യാർത്ഥികൾ, സ്ത്രീകൾ, വയോജനങ്ങൾ ഉൾപ്പെടെയുള്ളവർ ഡ്രെയിനേജിന് മുകളിൽ സ്ലാബ് സ്ഥാപിക്കാത്തതിനാൽ റോഡിലേക്കിറങ്ങി നിൽക്കേണ്ട അവസ്ഥ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. അടുത്തിടെ ജോലിക്കുപോകുകയായിരുന്ന യുവതി കാൽ വഴുതി കാനയിൽ വീണെങ്കിലും വലിയ അപകടം ഒഴിവായത് ഭാഗ്യം കൊണ്ടുമാത്രം. മഴക്കാലത്തെ വെള്ളക്കെട്ട് കാനയുടെ ആഴം മറയ്ക്കുന്നത് ഭീഷണി ഇരട്ടിയാക്കുന്നു.

റോഡ് നവീകരണം പൂർത്തിയായതോടെ വാഹനഗതാഗതം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ലിമിറ്റഡ് സ്റ്റോപ്പ് ദീർഘദൂര ബസുകൾ, സ്കൂൾ ബസുകൾ, വ്യവസായ സ്ഥാപനങ്ങളുടെ വാഹനങ്ങൾ എന്നിവ ഇടതടവില്ലാതെ എത്തുന്ന കോലാംകുടി ജംഗ്ഷനിൽ റോഡ് വീതികുറഞ്ഞതിനാൽ വാഹനങ്ങൾക്ക് സൈഡ് നൽകാനും ബുദ്ധിമുട്ടാണ്. നിലവിലുള്ള ഡ്രെയിനേജിൽ പൈപ്പുകൾ സ്ഥാപിക്കുകയോ കോൺക്രീറ്റ് ബോക്സ് കൾവർട്ട് നിർമ്മിച്ച് സ്ലാബ് പാകി പ്രദേശം നിരപ്പാക്കുകയോ ചെയ്താൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ.

ജനസാന്ദ്രതയേറിയ പ്രദേശവും തിരക്കേറിയ ജംഗ്ഷനുമായ കോലാംകുടിയിലെ ഈ അപകടാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണം. നിലവിലെ സ്ഥിതി തുടർന്നാൽ വലിയ അപകടങ്ങൾക്ക് കാരണമാകും

ബിജു മഠത്തിപറമ്പിൽ,

പൊതുപ്രവർത്തകൻ,

പട്ടിമറ്റം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL