
മട്ടാഞ്ചേരി: വെള്ളത്തിൽ വരച്ച വര പോലെയായി ഖാദി വസ്ത്രധാരണം വ്യാപകമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ. സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരുമടക്കം ഖാദി-കൈത്തറി വസ്ത്രധാരണം നടത്തണമെന്ന സർക്കാർ പ്രഖ്യാപനം കടലാസിലൊതുങ്ങി. വാരാന്ത്യദിനങ്ങളിൽ സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും തൊഴിലിടങ്ങളിലും വീടുകളിലും ഖാദി - കൈത്തറി വസ്ത്രധാരണം നടത്തണമെന്ന് 2008ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. പിന്നീട് സ്വകാര്യ മേഖലയിലേക്കും നിർദ്ദേശമെത്തി.
2009 ജൂലായ് 20ന് സംസ്ഥാനത്തെ നൂറിലേറെ പൊതു കേന്ദ്രങ്ങളിൽ സർക്കാർ ഉത്തരവ് അടയാളപ്പെടുത്തിയ ശിലയിൽ തീർത്ത പ്രചാരണ ഫലകങ്ങളും സ്ഥാപിച്ചു. വ്യവസായ വകുപ്പാണ് 15 ലക്ഷം ചിലവഴിച്ച് ഇവ സ്ഥാപിച്ചത്. ഖാദി - കൈത്തറി വസ്ത്രങ്ങളണിയുന്നത് ആത്മാഭിമാനവും സ്വാശ്രയത്വവും പതിനായിരങ്ങളുടെ ജീവിത മാർഗത്തിന് സംരക്ഷണവും ആകുമെന്നാണ് ഉത്തരവിന്റെ സംഗ്രഹം. എന്നാൽ, ഉത്തരവ് വന്ന് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ ഫലകങ്ങൾ പൊതുഇടങ്ങളിൽ നോക്കുകുത്തിയായി മാറി. വിദ്യാലയങ്ങളിൽ ഖാദി കൈത്തറി യൂണിഫോം പ്രഖ്യാപനങ്ങളും ഫലം കണ്ടില്ല.
തിരുവോണ വിപണിയിലാണ് ആകെ പ്രതീക്ഷ. ഓണക്കോടി നിർമ്മാണത്തിൽ ഖാദി - കൈത്തറി മേഖലകൾ സജീവമാണ്. സംസ്ഥാനത്ത് ഭരണം മാറിയതിനാൽ ഖദർ തുണികൾക്ക് വില്പനയേറാനും സാദ്ധ്യത കാണുന്നുണ്ട്.
അന്ത്യശ്വാസം വലിച്ച്
നെയ്ത്ത് മേഖല
യന്ത്രത്തറികളിൽ നെയ്ത കൈത്തറി - ഖാദി തുണിത്തരങ്ങൾ വിപണിയിൽ തുച്ഛവിലയ്ക്ക് നിറഞ്ഞതോടെ പരമ്പരാഗത നെയ്ത്ത് മേഖല അന്ത്യശ്വാസം വലിക്കുകയാണ്. കൈത്തറി വസ്ത്രങ്ങൾ യന്ത്രത്തിൽ നെയ്യരുതെന്ന നിയമത്തിനും പുല്ലുവിലയാണ്. രാജ്യത്തെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കാൻ ഭരണഘടന നൽകുന്ന പ്രത്യേക അധികാരം കേരളത്തിലും ഉപയോഗിക്കപ്പെടുന്നില്ല. നെയ്ത്തുതൊഴിലാളികളിൽ 90 ശതമാനവും മറ്റ് മേഖലകൾ തേടിപ്പോയി. ജില്ലയിൽ ചേന്ദമംഗലം, പറവൂർ മേഖലയിൽ മാത്രമാണ് കുറച്ചുപേർ അവശേഷിക്കുന്നത്.
ജില്ലയിലെ കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കൈത്തറി അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. ഒരു കോടിയിലേറെ രൂപയാണ് റിബേറ്റ് കുടിശികയായി സംഘങ്ങൾക്ക് ലഭിക്കാനുള്ളത്. അസോസിയേഷൻ നേതാക്കളായ എ.എസ്. അനിൽകുമാർ, ടി.എസ്. ബേബി, എം.കെ. വേണു എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
നിവേദനത്തിന്റെ ഉള്ളടക്കം
സ്‌കൂൾ യൂണിഫോം കൂലി ഏഴ് മാസത്തെ കുടിശികയായതിൽ 25 ലക്ഷം രൂപ ഉടൻ അനുവദിക്കണം
തൊഴിലാളികൾക്ക് ലഭിക്കേണ്ട പ്രൊഡക്ഷൻ ഇൻസന്റീവ് കുടിശിക ഒരു കോടി രൂപയിലേറെ
ഹാന്റക്‌സിൽ നിന്ന് ലഭിക്കാനുള്ള കുടിശിക 50 ലക്ഷം രൂപ
യാൺ സൊസൈറ്റിക്കുള്ള മാർജിൻ മണി മുടങ്ങിയത് പ്രതിസന്ധിക്ക് ആക്കം കൂട്ടി,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |