
കൊച്ചി: ജില്ലയിൽ ശക്തമായ മഴ തുടരും. ഇന്നും നാളെയും ഓറഞ്ച് അലർട്ട് പട്ടികയിലാണ് ജില്ല. ഈ സാഹചര്യത്തിൽ ഈ മാസം ആറുവരെ ഖനനപ്രവർത്തികൾ പൂർണ്ണമായും നിർത്തിവെക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് കർശന നിർദ്ദേശം നൽകി. റെഡ് അലർട്ടിലായിരുന്ന ജില്ലയിൽ ഇന്നലെ തീരദേശത്തും കിഴക്കൻ മേഖലകളിലും ഇടവിട്ട് ശക്തമായ മഴ പെയ്തു. തീരദേശത്ത് പലയിടത്തും ശക്തമായ കടലാക്രമണവുമുണ്ടായി. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കാറ്റും മഴയും തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിലെ പ്രധാന നദികളിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പായ 10.92 മീറ്ററിന് മുകളിലാണെങ്കിലും (11.13 മീറ്റർ), അപകടനിലയായ 11.93 മീറ്ററിലേക്ക് എത്തിയിട്ടില്ല. തൊടുപുഴയാറിലും ജലനിരപ്പ് മുന്നറിയിപ്പ് പരിധിക്ക് മുകളിലാണ് (11.04 മീറ്റർ). കാളിയാറിൽ ജലനിരപ്പ് 11.98 മീറ്ററായി തുടരുന്നു. പ്രധാന നദികളിലെല്ലാം നിലവിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങിയത് ആശ്വാസമേകുന്നുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി), ടൂറിസം വകുപ്പ് എന്നിവയുടെ കീഴിലുള്ള മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടു. നിലവിൽ ജില്ലയിലെ 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 64 കുടുംബങ്ങളിൽ നിന്നുള്ള 202 പേർ കഴിയുന്നുണ്ട്. മൂവാറ്റുപുഴ താലൂക്കിൽ നാലും, കോതമംഗലം രണ്ടും, കുന്നത്തുനാട് താലൂക്കുകളിൽ മൂന്നും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
മലയോര മേഖലകളിലും തീരദേശത്തും ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ സേനയുടെയും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിഞ്ഞു തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളിലെയും ആശങ്ക അകന്നു തുടങ്ങി. കിഴക്കൻ മേഖലകളായ കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം പ്രദേശങ്ങളിലും, പെരുമ്പാവൂർ, ആലങ്ങാട്, ആലുവ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മഴ നാശംവിതച്ചത്. ഔദ്യോഗിക വിവരം അനുസരിച്ച് ജില്ലയിൽ ഒരാൾക്കാണ് മഴക്കെടുതിയിൽ പരിക്കേറ്റിട്ടുള്ളത്. മറ്റ് കാര്യമായ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
മലയോര മേഖലകളിലെ ഗതാഗതത്തിന് ഇന്ന് രാവിലെ ഏഴ് വരെ നിയന്ത്രണം
പൊതുജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണം
പ്രളയമണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം.
കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |