SignIn
Kerala Kaumudi Online
Thursday, 10 September 2026 2.21 PM IST

വ്യാജരേഖകളോടെ താമസം: 6 ബംഗ്ലാദേശികൾ വലയിൽ

bangla

കൊച്ചി: ജില്ലയിൽ അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശ് സ്വദേശികളെ പാലാരിവട്ടം പൊലീസ് പിടികൂടി. ബംഗ്ലാദേശിലെ ബാഗെർഹാട്ട് മോറെൽഗഞ്ച് സ്വദേശികളായ മുഹമ്മദ് ഇബ്രാഹിം (29), സക്കീർ ഖാൻ (50), മുഹമ്മദ് ആരിഫ് (29), മുഹമ്മദ് ഉനുസ് ഖാൻ (41), ജോഷ്വാ ബീഗം (30), ഹദിയുള്ള ഖാൻ (31) എന്നിവരാണ് പിടിയിലായത്. ഇതിൽ ഉനുസ് ഖാനും ജോഷ്വാ ബീഗവും ദമ്പതികളാണ്. ഇവരുടെ രണ്ട് മക്കളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

വെണ്ണല സവിത റോഡിൽ ഷാജഹാൻ എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് ആക്രി പെറുക്കി വരികയായിരുന്നു ഇവർ. പുലർച്ചെ മൂന്നരയോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം വലയിലായത്. ഇവരുടെ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ശേഷം ട്രെയിൻ മാർഗം കേരളത്തിൽ എത്തിയെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സമീപകാലത്ത് പാലാരിവട്ടത്ത് നിന്ന് പത്തുപേരെയും എരൂരിലെ ആക്രിക്കടയിൽ നിന്ന് ആറുപേരെയും പിടികൂടിയിരുന്നു. 2018ൽ കൊച്ചിയിൽ നടന്ന കവർച്ചാപരമ്പരയിലെ മൂന്ന് പ്രതികൾ ബംഗ്ലാദേശ് സ്വദേശികളായിരുന്നു.

പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികൾ, പാലാരിവട്ടം, തൃപ്പൂണിത്തുറ, എരൂർ, പറവൂർ, ആലുവ മേഖലകളിലെ ആക്രി, പലചരക്ക് സ്ഥാപനങ്ങൾ, നിർമ്മാണ സൈറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇക്കൂട്ടർ ജോലി ചെയ്യുന്നത്. കുറഞ്ഞ കൂലിക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ തയ്യാറാകുന്നതിനാൽ ഇവർക്ക് ആവശ്യക്കാർ ഏറെയാണ്.

 5 വ‌ർഷം, 268 അറസ്റ്റ്

അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് സുരക്ഷാ ഏജൻസികളും പൊലീസും നടത്തിയ പരിശോധനകളിൽ 268 ബംഗ്ലാദേശികൾ പിടിയിലായിട്ടുണ്ട്. ഈ വർഷം മാത്രം 53 പേർ വലയിലായി. ഇതിൽ 36 പേരും എറണാകുളം ജില്ലയിൽ നിന്നാണ്. മിലിട്ടറി ഇന്റലിജൻസും സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) നൽകുന്ന വിവരമനുസരിച്ച് നൂറുകണക്കിന് പേർ വ്യാജപ്പേരിൽ സംസ്ഥാനത്ത് കഴിയുന്നുണ്ട്.

 2000 രൂപയ്ക്ക് ആധാർ
ബി.എസ്.എഫ് നിരീക്ഷണം കുറവുള്ള നദീമേഖലകൾ വഴി പശ്ചിമബംഗാളിൽ കയറിപ്പറ്റുന്ന ബംഗ്ലാദേശികൾ അവിടെ നിന്ന് ഡൽഹിയിലെ സീമാപുരിയിലേക്ക് കടക്കും. കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ ഏറെയുള്ള ഇവിടെ നിന്നാണ് 2000 രൂപ നിരക്കിൽ വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL