
കൊച്ചി: 85-ാം വയസിലും തളരാത്ത പോരാട്ടവീര്യവുമായി ട്രാക്കിൽ പുതിയ ചരിത്രമെഴുതുകയാണ് പിറവം മുൻ എം.എൽ.എ എം.ജെ. ജേക്കബ്. ദക്ഷിണ കൊറിയയിൽ സമാപിച്ച ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണമടക്കം നാല് മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായതിന് പിന്നാലെ, എറണാകുളം മഹാരാജാസ് കോളേജിൽ നടക്കുന്ന 17-ാമത് സംസ്ഥാന മലയാളി മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റിലും അദ്ദേഹം സ്വർണക്കുതിപ്പ് തുടരുന്നു. 85 പ്ലസ് വിഭാഗത്തിൽ 80 മീറ്റർ ഹർഡിൽസിലും ലോംഗ് ജമ്പിലും അദ്ദേഹം സ്വർണം നേടി. ഇന്ന് 200 മീറ്റർ മത്സരത്തിലും അദ്ദേഹം ട്രാക്കിലിറങ്ങും.
ലോക മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ 85 പ്ലസ് വിഭാഗത്തിൽ 200 മീറ്റർ ഹർഡിൽസ്, 80 മീറ്റർ ഹർഡിൽസ് എന്നിവയിലാണ് എം.ജെ. ജേക്കബ് സ്വർണം കൊയ്തത്. കൂടാതെ ലോംഗ് ജമ്പിലും 200 മീറ്റർ റേസിലും വെങ്കല മെഡലുകളും സ്വന്തമാക്കി. തുടർച്ചയായി ഏഴാം ലോക മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അദ്ദേഹം, ആദ്യ വ്യക്തിഗത സ്വർണമെഡൽ നേടിയ ആത്മവിശ്വാസവുമായാണ് ഇന്നലെ ട്രാക്കിലിറങ്ങിയത്. ജപ്പാൻ, ചൈന, മലേഷ്യ, ഫ്രാൻസ്, ഓസ്‌ട്രേലിയ, ഫിൻലൻഡ്, ജർമനി, അമേരിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ ഇന്ത്യൻ ജേഴ്‌സിയിൽ മത്സരിച്ച് തിളങ്ങിയിട്ടുണ്ട്.
15 വർഷത്തോളം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം, 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.എം. ജേക്കബിനെ പരാജയപ്പെടുത്തിയാണ് പിറവത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 2016ൽ മഹാരാജാസ് കോളേജ് ആതിഥേയത്വം വഹിച്ച മാസ്‌റ്റേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് പഴയ കായികതാരത്തെ വീണ്ടും ട്രാക്കിലെത്തിച്ചത്. ചിട്ടയായ വ്യായാമവും മുടങ്ങാത്ത ഓട്ടവുമാണ് തന്റെ കായികക്ഷമതയുടെ രഹസ്യമെന്ന് എം.ജെ. ജേക്കബ് വ്യക്തമാക്കി. ശാരീരികക്ഷമതയ്‌ക്കൊപ്പം മാനസികാരോഗ്യം നിലനിറുത്താൻ ചെസ് കളിയും സഹായിക്കുന്നുണ്ടെന്ന് പുഞ്ചിരിയോടെ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |