SignIn
Kerala Kaumudi Online
Monday, 14 September 2026 1.38 AM IST

പൊറോട്ടയ്ക്ക് ഇറച്ചിച്ചാറില്ല; തട്ടുകടക്കാരിക്ക് മർദ്ദനം

jeevitha
പരിക്കേറ്റ ജീവിത

കൊച്ചി: പൊറോട്ടയ്‌ക്കൊപ്പം ഇറച്ചിച്ചാറിന് പകരം സാമ്പാർ കൊടുത്തതിന് തട്ടുകട നടത്തിപ്പുകാരിക്ക് ഓട്ടോഡ്രൈവറുടെ മർദ്ദനം. വെണ്ണല ജനതാറോഡിൽ രണ്ട് പെൺമക്കൾക്കും ഭർത്താവിനുമൊപ്പം താമസിക്കുന്ന ഇടുക്കി പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ ജീവിതയ്ക്കാണ് (40) നിരവധി പേർ നോക്കിനിൽക്കെ ക്രൂരമർദ്ദനമേറ്റത്. യുവതിയുടെ പരാതിയിൽ പാലാരിവട്ടം പൈപ്പ് ലൈൻ റോഡിലെ ഡ്രൈവറെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തു.

പുതിയറോഡിൽ യുവതിയുടെ തട്ടുകടയിൽ ഓണത്തിന് മുമ്പ് പൊറോട്ട കഴിക്കാൻ എത്തിയ ഓട്ടോക്കാരനോട് ഇറച്ചിച്ചാർ ഇല്ലെന്നും സാമ്പാർ തരാമെന്നും പറഞ്ഞിരുന്നു. അന്ന് സാമ്പാർ കൂട്ടി കഴിച്ച് മടങ്ങിയ ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് തട്ടുകട പരിസരത്ത് ജീവിതയെ കാത്തുനിന്നു. വൈകിട്ട് 6.45ന് ജീവിത എത്തിയതോടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് വീഡിയോയിൽ പകർത്താൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത ശേഷം ആക്രമിച്ചു. കൈകൊണ്ട് അടിച്ച് നിലത്തിട്ട് നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിച്ചു.

“കൂടുതൽ വിളച്ചിലെടുത്താൽ നീ ഇനി കട നടത്തുകയില്ലെന്നും തല്ലിപ്പൊളിച്ച് കളയുമെന്നും” ഭീഷണിപ്പെടുത്തിയാണ് മടങ്ങിയത്. ഈ സമയം നിരവധി പേർ ഭക്ഷണം കഴിക്കാൻ കടയിൽ ഉണ്ടായിരുന്നെങ്കിലും കായികശേഷിയുള്ള ഓട്ടോക്കാരനെ ഭയന്ന് ആരും അടുത്തില്ല. ആഹാരസാധനങ്ങൾ നിലത്ത് തെറിപ്പിച്ച് അതിന് മുകളിൽക്കൂടി ഓട്ടോ ഓടിച്ചാണ് ഇയാൾ സ്ഥലം വിട്ടത്.

പരിക്കേറ്റ ജീവിത സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സ തേടിയ ശേഷം വീട്ടിൽ കിടപ്പിലാണ്. ഓട്ടോഡ്രൈവർ ഇടയ്ക്കിടെ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും തമിഴ്നാട്ടുകാരിയായ നീ ഇവിടെ വന്ന് ആളാകേണ്ടെന്ന് പറയാറുണ്ടെന്നും യുവതി മൊഴി നൽകി. താൻ ഇടുക്കി ജില്ലക്കാരിയായ മലയാളിയാണെന്ന് പറഞ്ഞാലും ഇയാൾ ചെവിക്കൊള്ളാറില്ല.

സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ഭർത്താവ് രാജേഷ് വൈകിട്ട് കടയിൽ സഹായിക്കാൻ എത്താറുണ്ട്. കുടുംബത്തെ പോറ്റാൻ തട്ടുകട നടത്തുന്ന യുവതി ഭീഷണിയെ തുടർന്ന് ഇനി എന്തു ചെയ്യണമെന്ന് അറിയാതെ വലയുകയാണ്. അന്യായമായി തടഞ്ഞുവച്ചതിനും ഭീഷണിപ്പെടുത്തിയതിനും പരിക്കേൽപ്പിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്തതായി പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PORATTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL