SignIn
Kerala Kaumudi Online
Thursday, 17 September 2026 2.37 PM IST

മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം: പ്രതി പിടിയിൽ

crime
ബിഷ്ണു മണ്ഡൽ

മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് റാണി നഗർ ചർമുൻസിപാറ സ്വദേശി ബിഷ്ണു മണ്ഡലിനെയാണ് (24) കല്ലൂർക്കാട് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. പൈങ്ങോട്ടൂരിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് തിങ്കളാഴ്ചയാണ് അരലക്ഷത്തോളം രൂപ വിലവരുന്ന വയറിംഗ് കേബിളുകൾ മുറിച്ച് കടന്നുകളഞ്ഞത്. മൂവാറ്റുപുഴ കൊച്ചങ്ങാടി ഭാഗത്തെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയതാണ് പ്രതി. പകൽ മുഴുവൻ റൂമിൽ കിടന്നുറങ്ങി രാത്രിയിൽ മോഷണം നടത്തുകയാണ് ഇയാളുടെ രീതി. നിർമ്മാണം നടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്.

പൈങ്ങോട്ടൂർ, പോത്താനിക്കാട്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ ഇരുപത്തിയഞ്ചിലേറെ സി.സി ടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞവർഷം മൂവാറ്റുപുഴ കാവിലെ ജനറേറ്റർ കേബിൾ മോഷ്ടിച്ചതിനും, മൂവാറ്റുപുഴയിലെ ബി.എസ്.എൻ.എൽ കെട്ടിടത്തിലെ വിലകൂടിയ ചെമ്പ് വയറുകൾ മോഷ്ടിച്ചതിനും മറ്റൊരു മോഷണത്തിനും ജയിലിൽവാസം അനുഭവിച്ച ഇയാൾ ഒന്നരമാസം മുമ്പാണ് പുറത്തിറങ്ങിയത്. ലഹരിവസ്തുക്കൾ വാങ്ങുന്നതിനും ആർഭാടജീവിതം നയിക്കുന്നതിനുമായിരുന്നു മോഷണം. മൂവാറ്റുപുഴ ഡിവൈ. എസ്.പി കെ.ആർ. മനോജിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ കല്ലൂർക്കാട് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസ്, പോത്താനിക്കാട് സ്റ്റേഷൻ എസ്.ഐമാരായ സി.ആർ. രഞ്ജു മോൾ, സിജു ജോസഫ് , പി.വി. എൽദോസ്, കെ.കെ. ബിജു, നിജു കെ. ഭാസ്കർ, സീനിയർ സി.പി.ഒ ബിബിൽ മോഹൻ, സി.പി.ഒ നിയാസുദ്ദീൻ എന്നിവരാണ് ഉണ്ടായിരുന്നത്.

മേഖലയിൽ തുടർച്ചയായി മോഷണങ്ങൾ നടന്നുവരുന്നത് പൊലീസിനെതിരെ വിമർശനത്തിന് കാരണമായിരുന്നു. അന്വേഷണം നടത്തുമ്പോഴും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് എം.എൽ.എയുടെ വീട്ടിലെ മോഷണത്തിൽ രണ്ട് ദിവസംകൊണ്ട് പ്രതിയെ കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL