SignIn
Kerala Kaumudi Online
Saturday, 19 September 2026 3.40 AM IST

കാലവർഷം ചതിച്ചാശാനേ... ഭൂതത്താൻകെട്ട് ഡാം അടച്ചു

dam

കോതമംഗലം: കാലവർഷം ചതിച്ചതിനാൽ പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കാൻ ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ അടച്ചു. വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകാതിരിക്കാനാണിത്. വേനൽക്കാലത്തേതു പോലെ രണ്ട് ഷട്ടറുകൾ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ ആവശ്യം പരിഗണിച്ചാണ് ഡാം അടച്ചതെന്ന് പെരിയാർവാലി ഇറിഗേഷൻ പദ്ധതി (പി.വി.ഐ.പി.) അധികൃതർ അറിയിച്ചു.

ഇടുക്കി ജില്ലയിൽ നിന്ന് ഒഴുകിയെത്തുന്ന പെരിയാറിലെ അവസാനത്തെ ഡാം ആണ് ഭൂതത്താൻകെട്ടിലേത്.

പെരിയാർവാലി, ഇടമലയാർവാലി കനാലുകൾ തുറക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. വാർഷി​ക അറ്റകുറ്റപണികൾ ആരംഭിക്കാത്തത് പ്രതി​സന്ധി​യാണ്. മാസങ്ങളായി വെള്ളമൊഴുക്കാത്തതിനാൽ കനാലുകളിലേറെയും കാടുമൂടിയ അവസ്ഥയിലാണ്. മാലിന്യങ്ങളും അടിഞ്ഞുകൂടി. കഴിഞ്ഞവർഷം ശുചീകരണം വൈകിയതിനാൽ വലിയ പ്രതിഷേധത്തിനും വിവാദത്തിനും കാരണമായിരുന്നു.

ജി​ല്ലയുടെ ജലനാഡി​

ജില്ലയുടെ പ്രധാന ജലസ്രോതസാണ് പെരിയാർവാലി കനാലുകൾ. മെയിൻ കനാൽ, ഹൈ ലെവൽ കനാൽ, ലോ ലവൽ കനാൽ, ബ്രാഞ്ച് കനാൽ, കാഡ കനാൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 750 കിലോമീറ്ററോളം കനാലുകൾ വഴി ആണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പി.വി.ഐ.പി. വെള്ളമെത്തിക്കുന്നത്.

പുറമെ ഇടമലയാർവാലി കനാലുകൾവഴി പെരിയാറിന്റെ വലതുകരയിൽ മലയാറ്റൂർ വരെയുള്ള പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നത് ഭൂതത്താൻകെട്ടിൽ നിന്നാണ്. സുഗമമായ ജലവിതരണം സാദ്ധ്യമാകണമെങ്കിൽ ഡാമിൽ 34 മീറ്ററിൽ കുറയാതെ ജലനിരപ്പ് വേണം. മഴയും നീരൊഴുക്കും കുറഞ്ഞാൽ കനാലുകളിലൂടെ ജലവിതരണവും നിയന്ത്രിക്കേണ്ട ഗുരുതര സാഹചര്യമുണ്ട്.

വൃഷ്ടിപ്രദേശങ്ങളിൽ മഴ ഗണ്യമായി കുറഞ്ഞതുമൂലം കൈവഴികളിലൂടെ പെരിയാറിലേക്ക് ചെറിയ അളവിൽ മാത്രമാണ് ഇപ്പോൾ വെള്ളം എത്തുന്നത്.

ഇടമലയാർ ഉൾപ്പടെയുള്ള വിവിധ വൈദ്യുതി പദ്ധതികളിൽ ഉത്പാദനം നിയന്ത്രിച്ചതും പെരിയാറിലെ ജലനിരപ്പിനെ ബാധിച്ചു.

മൺസൂൺ മഴ സാധാരണ നിലയിൽ ലഭിക്കുമ്പോൾ ഡിസംബറോടെയാണ് ഭൂതത്താൻകെട്ടിൽ ഷട്ടർ അടച്ചിരുന്നത്. തുലാവർഷം ശക്തമായില്ലെങ്കിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധി കൂടി മുൻകൂട്ടി പരി​ഗണി​ക്കുന്നുണ്ട്.

 31 മീറ്റർ ജലനി​രപ്പ്

റിസർവോയറിൽ ജലനിരപ്പ് 31 മീറ്റർ എന്ന നിലയിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. ഷട്ടറുകൾ അടച്ചെങ്കിലും കനാലുകളിലൂടെ വെള്ളം ഒഴുക്കി തുടങ്ങിയിട്ടില്ല. ഇതിനായി 34 മീറ്റർവരെ ജലനിരപ്പ് ഉയർത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL