
തൃപ്പൂണിത്തുറ: വീട്ടിൽ നിന്നിറങ്ങിയാൽ സുരക്ഷിതമായി തിരിച്ചെത്തുമെന്നുറപ്പില്ലാത്ത സ്ഥിതിയിലാണ് തൃപ്പൂണിത്തുറ മുതൽ പേപ്പതി വരെയുള്ള പ്രധാന പാതകൾ. തൃപ്പൂണിത്തുറ, തിരുവാങ്കുളം, ഇരുമ്പനം, ചോറ്റാനിക്കര, ഉദയംപേരൂർ, മുളന്തുരുത്തി, കാഞ്ഞിരമറ്റം, ആമ്പല്ലൂർ, ആരക്കുന്നം മേഖലകളിൽ കുഴികളും അപകടവളവുകളും അശാസ്ത്രീയ ജംഗ്ഷനുകളും തുടങ്ങിയവ അപകടഭീഷണി കൂട്ടുന്നു.
2025ൽ ഈ നാല് പൊലീസ് സ്റ്റേഷൻ പരിധികളിൽ 15 അപകടങ്ങളിലായി ഏഴുപേർ മരിക്കുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ രജിസ്റ്ററിലെ ഔദ്യോഗിക കണക്കല്ലെങ്കിലും 2026 ജനുവരി 1 മുതൽ സെപ്തംബർ 17 വരെ 8 അപകടങ്ങളിൽ 9 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
തൃപ്പൂണിത്തുറ-വൈക്കം റോഡിൽ ടിപ്പർ ലോറിയിടിച്ച് ഉണ്ടായ മരണം, മുളന്തുരുത്തി-കാഞ്ഞിരമറ്റം റോഡിലെ പെരുമ്പിള്ളിയിൽ നിയന്ത്രണംവിട്ട കാർ റോഡിൽ നിന്ന് താഴെയുള്ള വീട്ടിലേക്ക് ഇടിച്ചുകയറിയ സംഭവം എന്നിവ സമീപകാലത്തെ മുന്നറിയിപ്പുകളാണ്.
മത്സരയോട്ടത്തിനിടെ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഹിൽ പാലസ് പൊലീസ് കേസെടുത്തിരുന്നു. ഉദയംപേരൂർ പുല്ലുകാട്ടുകാവിൽ കാർ–സ്കൂട്ടർ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതും മറ്റൊരു കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റതുമായ സംഭവവമുണ്ടായി. ജൂലായിൽ മാങ്കായിക്കവലയിലുണ്ടായ ബസ് - സ്കൂട്ടർ കൂട്ടിയിടിയിൽ യുവാവ് മരിക്കുകയും ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
നിയന്ത്രിക്കാൻ പൊലീസില്ല
ചോറ്റാനിക്കര–തിരുവാങ്കുളം–വട്ടുക്കുന്ന് റോഡിൽ കോട്ടയത്തുപാറ, ഉദയാകവല, അമ്പാടിമല, എരുവേലി എന്നിവിടങ്ങൾ അപകട സാദ്ധ്യത മേഖലയാണ്. മുളന്തുരുത്തി പള്ളിത്താഴത്ത് സിഗ്നൽ സംവിധാനം ഇല്ലാത്തതും പൊലീസ് നിയന്ത്രണം ഇല്ലാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷൻ മേൽപ്പാലത്തിൽ കുഴികൾ കടന്നുവേണം സഞ്ചരിക്കാൻ.
കാരണങ്ങൾ
അമിത വേഗത
അശ്രദ്ധ
അപകട വളവ്
രാത്രികാല വെളിച്ചക്കുറവ്
സീബ്രാ വരകളുടെ അഭാവം
ആവശ്യങ്ങൾ
തൃപ്പൂണിത്തുറ മുതൽ പേപ്പതി വരെയുള്ള പാതകളിൽ അടിയന്തര റോഡ് സുരക്ഷാ ഓഡിറ്റ് വേണം
അപകടവളവുകളും ബ്ലാക്ക് സ്പോട്ടുകളും കണ്ടെത്തി ജംഗ്ഷനുകൾ പുന:ക്രമീകരിക്കണം
വെളിച്ചം, റിഫ്ലക്ടറുകൾ, മുന്നറിയിപ്പ് ബോർഡുകൾ, വേഗനിയന്ത്രണം എന്നിവ ഉറപ്പാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |