SignIn
Kerala Kaumudi Online
Sunday, 18 October 2026 3.46 AM IST

ഫാക്ടിലെ ആസിഡ് തട്ടിപ്പ്: അന്വേഷണം ഇഴയുന്നു

lorry
തട്ടിപ്പിന് ഉപയോഗിച്ച ലോറികൾ.

കളമശേരി: ഫാക്ട് കൊച്ചിൻ ഡിവിഷനിൽ വളം നിർമ്മാണത്തിന് കൊണ്ടുവന്ന 44 ലക്ഷം രൂപ വിപണി വിലയുള്ള 22 ടൺ ഫോസ്‌ഫോറിക് ആസിഡ് കടത്താൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം ഇഴയുന്നതായി ആക്ഷേപം. കമ്പനി വിജിലൻസും തണുപ്പൻ മട്ടിലാണ്. കാലങ്ങളായി നടന്നു വരുന്ന തട്ടിപ്പാണെന്നും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്നതാണെന്ന് ബലമായ സംശയമുണ്ടെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നുമാണ് ഫാക്ടിലെ ട്രേഡ് യൂണിയനുകളുടെ ആവശ്യം.

തട്ടിപ്പ് പിടികൂടാൻ ജാഗ്രത കാണിച്ച താഴെക്കിടയിലുള്ള തൊഴിലാളികളെ ബലിയാടാക്കാൻ നീക്കം നടക്കുന്നതായും യൂണിയൻ നേതാക്കൾ ആരോപിച്ചു. തട്ടിപ്പിന് ഉപയോഗിച്ച ലോറികൾ കസ്റ്റഡിയിലുണ്ടെങ്കിലും ഏജൻസിയുടെ മറ്റ് വാഹനങ്ങൾ കമ്പനിക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ സൂര്യ, മുത്തു എന്നീ ഡ്രൈവർമാർ പിടിയിലായിരുന്നു. വില്ലിംഗ്‌ഡൺ ഐലൻഡിലെ ക്യൂ 10 ടെർമിനലിൽ നിന്ന് ഫോസ്‌ഫോറിക് ആസിഡുമായി അമ്പലമേടിലേക്ക് മറ്റ് ലോറികൾ നാലും അഞ്ചും ട്രിപ്പടിക്കുമ്പോൾ കേവലം ഒരു മണിക്കൂർ ഓട്ടം ഉള്ളിടത്ത് പിടിയിലായ വണ്ടികൾ ഒരു ട്രിപ്പാണ് നടത്തിയതെന്ന വിവരമാണ് പുറത്തു വരുന്നത്.

വളം അഴിമതിയിലെ അന്വേഷണവും പ്രഹസനം

മൂന്നു വർഷം മുമ്പ് ചിക്മംഗ്ലൂർ, കടൂർ ഡിപ്പോകളിൽ നിന്ന് കാണാതായ 640 ടൺ ഫാക്ടംഫോസ്, 160 ടൺ അമോണിയം സൾഫേറ്റ് വളങ്ങളെ സംബന്ധിച്ച അന്വേഷണവും പ്രഹസനമായി മാറിയിരുന്നു. ഓഡിറ്റ് റിപ്പോർട്ടിൽ രണ്ട് കോടി 18 ലക്ഷം രൂപയുടെ ഉത്പന്നം സ്റ്റോക്കിൽ നിന്ന് കാണാതായതായി രേഖപ്പെടുത്തിയിരുന്നു. ഇന്റേണൽ കമ്മിറ്റിയായിരുന്നു അന്വേഷിച്ചത്.

കേരള കൗമുദിയാണ് കോടികളുടെ വളം അഴിമതി വാർത്ത പുറത്തു കൊണ്ടുവന്നത്. ഇത് ശ്രദ്ധയിൽപ്പെടുത്തി ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റി കേന്ദ്ര മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണത്തിന് മുതിർന്നത്. ഫാക്ടിനെ സംരക്ഷിക്കാൻ സർക്കാരും ജീവനക്കാരും ആത്മാർത്ഥമായി പരിശ്രമിക്കുമ്പോഴാണ് ഒരു വശത്തെ കൊള്ളയടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, INVESTIGATION, LATESTNEWS, CASEDIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL