തൊടുപുഴ: വാണിജ്യആവശ്യങ്ങൾക്കായുള്ള പാചകവാതക സിലിണ്ടറിന്റെ നിയന്ത്രണം കേന്ദ്രസർക്കാർ നീക്കിയെങ്കിലും വിപണയിൽ ഹോട്ടൽ ഭക്ഷണങ്ങൾക്ക് തീ വില. ക്ഷാമത്തിന്റെ പേരിൽ വില വർധിപ്പിച്ച ഭക്ഷണ സാധനങ്ങളുടെ നിരക്ക് വിതരണം പഴയപടിയായിട്ടും കുറയ്ക്കാത്തത് വിലക്കയറ്റത്തിൽനട്ടം തിരിയുന്ന സാധാരണക്കാർക്ക് വൻ തിരിച്ചടിയാണ്. ദൂരദേശങ്ങളിൽ നിന്നും ജോലിക്കും പഠനത്തിനുമായി വന്ന് താമസിക്കുന്നവരാണ് നിത്യച്ചെലവ് താങ്ങാനാകാതെ നട്ടം തിരിയുന്നത്. ഉയർന്ന വാടകയ്ക്കും ഹോസ്റ്റൽ ഫീസിനും പുറമേ ഭക്ഷണത്തിനാകുന്ന അധികച്ചെലവും വലിയ ബാധ്യതയാവുകയാണ്. ചായക്കും ചെറുകടികൾക്കുമെല്ലാം 2 -3 രൂപയുടെ വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. മുമ്പ് 60 -90വരെ വിലയ്ക്ക് ലഭിച്ചിരുന്ന ഊണിന് നിലവിൽ 70 - 120വരെയാണ് ഈടാക്കുന്നത്. ഇറച്ചി - മീൻ വിലയിലും വലിയ വർധനവാണുള്ളത്. 12 രൂപയായിരുന്ന ചായവില15ലേക്ക് എത്തി. കടുംചായ വില 10ൽ നിന്നും 12ലേക്കും എത്തി. സാധാരണക്കാർ ആശ്രയമായികണ്ടെത്തിയിരുന്ന പൊറോട്ടയ്ക്കും വില 15 കടന്നു. ദോശയും അപ്പവും അടക്കമുള്ള മറ്റ് ഭക്ഷണസാധനങ്ങൾക്കും സമാനഅവസ്ഥയാണ്.
40 രൂപയായിരുന്നു കഞ്ഞിക്ക് 60 ആയി
പലഹാരങ്ങൾക്ക് വലിപ്പമില്ലെന്ന് വ്യാപക പരാതി
ബേക്കറികളിലും ചായക്കടകളിലും വിൽക്കുന്ന പലഹാരങ്ങൾക്ക് 15 രൂപയാണ് മിനിമംവില. ചില സാധനങ്ങൾക്ക് ഇതിലും വിലകൂടും. എന്നാൽ വാങ്ങുന്ന വിലയ്ക്ക് അനുസൃതമായിപലഹാരങ്ങൾക്ക് വലിപ്പമില്ലെന്ന ആരോപണം ശക്തമാണ്. പല ചെറുകടികൾക്കും വലിപ്പക്കുറവിനുപുറമേ ഗുണമേന്മ കുറവാണെന്ന പരാതിയും ഉയരുന്നുണ്ട്. സമീപ ജില്ലകളിലെ പലനഗരങ്ങളിലും ചെറുകടികൾക്ക് കാര്യമായി വിലവർധിപ്പിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
വിലക്കയറ്റം രൂക്ഷമെന്ന് ഹോട്ടൽ വ്യാപാരികൾ
എന്നാൽ പച്ചക്കറി, മത്സ്യം,മാംസം അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില 10 മുതൽ 30ശതമാനംവരെ കൂടിയതായാണ് ഭക്ഷണ ഉത്പാദന - വിതരണമേഖലയിലുള്ളവരുടെ വാദം. വെജിറ്റേറിയൻ - നോൺവെജ് വിഭവങ്ങൾക്കെല്ലാം ഉത്പാദനച്ചെലവും കൂടി. തൽസ്ഥിതിതുടർന്നാൽ ഹോട്ടൽ വ്യവാസായം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഇവർ പറയുന്നു. വിറക്, ഓയിൽ അടക്കംചെലവേറിക്കഴിഞ്ഞതായാണ് വ്യാപാരികൾ പറയുന്നത്.
'' വഴിയോരങ്ങളിൽചെറിയകടകളിൽ വലിപ്പംകുറഞ്ഞ ചെറുകടികൾ വിൽക്കുന്നുണ്ട്. എന്നാൽ ഗുണനിലവാരമില്ലാത്ത എണ്ണയാണ് ഉപയോഗിക്കുന്നത്.കെ.എച്ച്.ആർ.എയുടെ കീഴിലുള്ള സംഘടനകൾ വലിപ്പത്തിലും ഗുണനിലവാരത്തിലും നിലവാരംപുലർത്തുന്നുവെന്നതാണ് യാഥാർത്ഥ്യം. ഗ്യാസ്ക്ഷാമം തുടങ്ങിയപ്പോൾ ജില്ലയിൽ ഈ മേഖലയിലുണ്ടായ നഷ്ടത്തിന് ആനുപാതികമായി വില വർധിപ്പിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം'' ഗിരിഷ് ( കെ.എച്ച്.ആർ.എ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |