അടിമാലി: തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തി ഹൈറേഞ്ച് മേഖലയിൽ വിതരണം ചെയ്യുന്ന പ്രധാന ഹോൾസെയിൽ വ്യാപാരി പൊലീസ് പിടിയിലായി. രാജാക്കാട് പുതിയിടത്ത് വീട്ടിൽ സുമേഷ് ശിവനാണ് മൂന്നാർ ഡാൻസാഫ് സംഘത്തിന്റെയും രാജാക്കാട് പൊലീസിന്റെയും മിന്നൽ പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്ന് 10 ലക്ഷത്തോളം രൂപ വിപണി മൂല്യം വരുന്ന 10 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. നാലാം തവണയാണ് ഇയാൾ സമാന കേസിൽ പിടിയിലാകുന്നത്.
ജില്ലാ പൊലീസ് മേധാവി ഡോ. നസീമിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ തുടരുന്ന 'ഓപ്പറേഷൻ തൂഫാൻ' (നർക്കോ ഹണ്ട്) പരിശോധനയിലാണ് വൻ ലഹരി ശേഖരം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജാക്കാട് പുതിയിടത്ത് സുമേഷ് ശിവന്റെ വീട്ടിൽ രാത്രിയും പുലർച്ചെയുമായി മൂന്നാർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ സബ് ഡിവിഷൻ ഡാൻസാഫ് സംഘവും രാജാക്കാട് പോലീസും ചേർന്ന് പരിശോധന നടത്തുകയായിരുന്നു.
വീട്ടിൽ ഒളിപ്പിച്ച നിലയിൽ 10 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 6000ത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഹാൻസ്, കൂൾ ലിപ്പ്, ശംഭു, ഗണേഷ് തുടങ്ങിയ പുകയില ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടിൽ നിന്നും തുച്ഛമായ വിലയ്ക്ക് എത്തിക്കുന്നഇവ രാജാക്കാട്, ശാന്തൻപാറ മേഖലകളിലെ ചെറുകിട കച്ചവടക്കാർക്ക് ഉയർന്ന വിലയ്ക്കാണ് ഇയാൾ നൽകിയിരുന്നത്.
. ഇയാളുടെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി മൂന്നാർ ഡിവൈ. പസ്. പി ചന്ദ്രകുമാർ പറഞ്ഞു. .
ജൂലായ് മാസത്തിൽ മാത്രം മൂന്നാർ സബ് ഡിവിഷൻ പരിധിയിൽ നിരോധിത ലഹരി വസ്തുക്കൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് മുപ്പതോളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |