തൊടുപുഴ: സ്വകാര്യബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി ) ഉണ്ടെന്ന് ഉറപ്പാക്കാൻ കർശനപരിശോധന നടത്തുമെന്ന മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം ജില്ലയിൽ കൃത്യമായി നടപ്പാക്കുന്നില്ലെന്ന് വ്യാപകപരാതി. സ്വകാര്യബസുകളുടെ മത്സരയോട്ടവും ലഹരിഉപയോഗിച്ചുള്ളഡ്രൈവിംഗും വർദ്ധിച്ചിട്ടും ഇക്കാര്യത്തിൽ എം.വി.ഡി ഉദ്യോഗസ്ഥർ തണുപ്പൻ മട്ടാണെന്നതാണ് പ്രധാന വിമർശനം. സ്വകാര്യബസ് ജീവനക്കാർക്കെതിരെ പരാതികൾ വർധിച്ചതിനെ തുടർന്നാണ് മറ്റ് പലജില്ലകളിലും എം.വി.ഡി നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ നിയമലംഘനമോ പരാതിയോ ശ്രദ്ധയിൽപ്പെട്ടാൽമാത്രമേ നടപടി സ്വീകരിക്കുക എന്നാണ് അധികൃതർ പറയുന്നത്. നിലവിൽ വാഹനത്തിനൊപ്പം നൽകുന്ന രേഖകളായിരിക്കും പരിശോധിക്കുകയെന്നും തടഞ്ഞുനിറുത്തിയുള്ള പരിശോധന പുതിയ നിർദ്ദേശത്തിൽ പറഞ്ഞിട്ടില്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. പരാതി ഉയരുന്ന സമയത്ത് പൊലീസ് ക്ലിയറൻസില്ലെങ്കിൽ ബസ് ഉടമയ്ക്കായിരിക്കും ഉത്തരവാദിത്വമെന്നുമാണ് ഇക്കാര്യത്തിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി കണ്ടക്ടറെ യാത്രക്കാരനായസ്വകാര്യബസ് ജീവനക്കാരൻ മർദ്ദിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ടുഡ്രൈവർമാരെയാണ് കഴിഞ്ഞമാസം തൊടുപുഴ പൊലീസ് പിടികൂടിയത്. ഇതിനുപുറമെ മത്സരയോട്ടത്തിനിടയിൽ യാത്രക്കാർ അപകടത്തിൽപ്പെട്ട് മരണപ്പെടുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങളും നിരവധിയാണ്. ഇത്തരം ഗൗരവകരമായ നിയമ ലംഘനങ്ങൾ നില നിൽക്കുമ്പോഴാണ് പരിശോധനയിന്മേലുള്ള എം.വി.ഡി ഉദ്യോഗസ്ഥരുടെ വിചിത്രമായ വിശദീകരണം.
നടപടിക്ക് പിന്നിൽ
സ്വകാര്യ ബസുകളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും
യാത്രക്കാരോടും കാൽനട യാത്രക്കാരോടുമുള്ള മോശം പെരുമാറ്റം
റോഡിലെ തുടർച്ചയായ നിയമ ലംഘനങ്ങൾ
ഇനിയും നിയമനമായിട്ടില്ല
ആർ.ടി.ഒ, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ തസ്തികകളിലെ സ്ഥിരനിയമനം വൈകുന്നതിനാൽ ജില്ലയിൽ മോട്ടോർ വാഹനവകുപ്പിന്റെ പ്രവർത്തനങ്ങൾ നിലവിൽ താളംതെറ്റിയിരിക്കുകയാണ്. ആർ.ടി.ഒ കഴിഞ്ഞ മേയ് 30നും ഇടുക്കി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കഴിഞ്ഞ ഏപ്രിൽ 30നും വിരമിച്ചതാണെങ്കിലും പകരം നിയമനം നടത്താത്തതാണ് പ്രതിസന്ധിരൂക്ഷമാക്കുന്നത്. നിലവിൽ ആർ.ടി.ഒയുടെ അധികചുമതല നിലവിൽ ഇടുക്കി എം.വി.ഡിയ്ക്കും എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെ അധിക ചുമതല മുവാറ്റുപുഴ ആർ.ടി.ഒയ്ക്കുമാണ്. ഇതോടെ ലൈസൻസ്, ബസ് പെർമിറ്റ് നൽകൽ അടക്കമുള്ള പ്രധാനപ്പെട്ട സേവനങ്ങളെല്ലാം പെൻഡിംഗിലായിരിക്കുകയാണ്. ഡി.പി.സി (ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ കമ്മിറ്റി ) കൃത്യമായി ചേരാത്തതാണ് നിയമനപട്ടിക വൈകാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |