കട്ടപ്പന: ഈട്ടിത്തോപ്പിലെ ഗവ. ഹോമിയോ ഡിസ്‌പെൻസറി ഇരട്ടയാറിലേക്ക് മാറ്റിയ പഞ്ചായത്തിനെതിരെ ഈട്ടിത്തോപ്പ് ആക്ഷൻ കൗൺസിൽ സമരത്തിന്. 16ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. രക്ഷാധികാരി ഫാ. ജോസഫ് പാറക്കടവിൽ ഉദ്ഘാടനംചെയ്യും. നാല് പതിറ്റാണ്ടിലേറെയായി ഈട്ടിത്തോപ്പിൽ പ്രവർത്തിച്ചിരുന്ന ഡിസ്‌പെൻസറി കഴിഞ്ഞദിവസമാണ് ഇരട്ടയാർ ടൗണിലെ കെട്ടിടത്തിലേക്ക് മാറ്റിയത്. നാട്ടുകാരെയോ പഞ്ചായത്തംഗത്തെയോ അറിയിക്കാതെയായിരുന്നു നീക്കം. ഇരട്ടയാർ, വാത്തിക്കുടി, നെടുങ്കണ്ടം പഞ്ചായത്തുകളിലെ രോഗികൾ ഇവിടെ ചികിത്സതേടിയിരുന്നു. കെട്ടിടം പ്രവർത്തനക്ഷമമല്ലെന്ന് കാട്ടിയാണ് ഇരട്ടയാറിലേക്ക് മാറ്റിയത്. പകരം കെട്ടിടം കുറഞ്ഞ വാടകയ്ക്ക് നൽകാമെന്ന് അറിയിച്ച് നാട്ടുകാർ രണ്ടുമാസംമുമ്പ് കത്ത് നൽകിയിരുന്നെങ്കിലും പഞ്ചായത്ത് കമ്മിറ്റിയിൽ പരിഗണിക്കുകയോ മറുപടി നൽകുകയോ ചെയ്തില്ല.
മെഡിക്കൽ ക്യാമ്പിന് കൊണ്ടുപോകുകയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഇവിടെനിന്ന് മരുന്നുകൾ കടത്തി. 42 വർഷംമുമ്പ് നാട്ടുകാർ പിരിവെടുത്ത് സ്ഥലംവാങ്ങി നിർമിച്ച കെട്ടിടമാണ് പഞ്ചായത്തിന് വിട്ടുനൽകിയത്. സ്ഥാപനം മാറ്റാൻ നീക്കം നടക്കുന്നതായി വ്യക്തമായതോടെ, 500 പേർ ഒപ്പിട്ട നിവേദനം എം.എൽ.എയ്ക്ക് നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച എം.എൽ.എ സ്ഥാപനം മാറ്റില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. പ്രതിദിനം 70 പേർ വരെ ഇവിടെ ചികിത്സതേടിയിരുന്നു. ഡിസ്‌പെൻസറി മാറ്റിയതോടെ രോഗികൾ ബുദ്ധിമുട്ടിലാണെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങളായ ശ്രീകാന്ത് പെങ്ങാട്ട്‌തെക്കേൽ, ബെന്നി കുഴികോടിയിൽ, രാജൻ വെള്ളാപ്പള്ളി, സോജൻ മാളിയേക്കൽ, മിനി പ്രതീഷ്, ആനന്ദ് സുനിൽകുമാർ, മിനി സുകുമാരൻ, ജിഷ ഷാജി, ഷാജി പുളിക്കത്തൊട്ടിയിൽ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |