തൊടുപുഴ: ചാറ്റ് ജി.പി.ടിയുടെ സഹായത്തോടെ ന്യൂജനറേഷൻ 80കളിലെ രൂപമാറ്റം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പുനരാവിഷ്കരിച്ച് തരംഗമാക്കാൻ ശ്രമിക്കുമ്പോൾ സെബാസ്റ്റ്യൻ തോമസിന് അതിലൊന്നും യാതൊരു പുതുമയുമില്ല. യുവാക്കൾ പ്രൊഫൈൽ ചിത്രത്തിലൂടെ പങ്കുവെയ്ക്കുന്ന 'ഹിപ്പി" ഹെയർ സ്റ്റെൽ കഴിഞ്ഞ 50 വർഷക്കാലമായി ഈ 62കാരന്റെ ജീവിതചര്യയാണ്. 1970- 80 കാലഘട്ടങ്ങളിലെ സൂപ്പർ താരങ്ങളായ ജയനും നസീറും മധുവുമൊക്കെയടങ്ങുന്ന പ്രിയതാരങ്ങളോടുള്ള കടുത്ത ആരാധനയാണ് സെബാസ്റ്റ്യനെ 'ഹിപ്പി"യാക്കിയത്. 1976ൽ 12-ാം വയസുമുതലാണ് ഉടുമ്പന്നൂർ ചീനിക്കുഴി സ്വദേശിയായ പാലത്താനത്തുവീട്ടിൽ സെബാസ്റ്റ്യൻ തോമസെന്ന നാട്ടുകാർക്കിടയിലെ ദേവസ്യാച്ചൻ 'ഹിപ്പി"സ്റ്റെൽ സ്ഥിരമാക്കിയത്. ആദ്യം സുഹൃത്തുക്കളും സഹോദരൻ ജോർജ്ജും ഒപ്പമുണ്ടായിരുന്നെങ്കിലും ഇവർ പിന്മാറിയതോടെ ഒറ്റയ്ക്കായി മുടി വളർത്തൽ. വസ്ത്രധാരണത്തിലും ഈ ശൈലിയായിരുന്നെങ്കിലും പരമ്പരാഗത മോഡൽ ലഭ്യമല്ലാത്തതിനാൽ പുതിയ ട്രെൻഡിലുള്ള പാന്റും ഷർട്ടും കറുത്ത ഗ്ലാസുമാണ് നിലവിലെ വേഷവിധാനം. ട്രെൻഡ് ഔട്ട് ഓഫ് ഫാഷനായെങ്കിലും ഇപ്പോഴും തുടരുന്ന തീരുമാനത്തിന് ഭാര്യ ഷാന്റിയും മക്കളായ സുമിയും നിമിഷയും പൂർണ പിന്തുണയുമായുണ്ട്.
ബാർബർ ഷോപ്പിൽ പോകില്ല
ചെറുപ്പത്തിൽ മുടി വളർത്താനുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും മാതാപിതാക്കളുടെ തല്ല് ഭയന്ന് കൊച്ചു സെബാസ്റ്റ്യൻ എല്ലാമാസവും കൃത്യമായി മുടി വെട്ടുമായിരുന്നു. തൊട്ടടുത്ത ഗ്രാമമായ കരിമണ്ണൂരിൽ ഹൈസ്കൂൾ പഠനത്തിനായി എത്തിയശേഷമാണ് മുടി വളർത്താൻ തുടങ്ങിയത്. ഇതിനുശേഷം ഒരു തവണ മാത്രമാണ് ബാർബർഷോപ്പിൽ കയറിയത്. മുടിവെട്ടുന്നയാൾ തലങ്ങും വിലങ്ങും കത്രികവെച്ചതോടെ പോക്ക് പൂർണമായും അവസാനിപ്പിച്ചു. അന്നുമുതൽ ഇന്നുവരെ വളരെ വൃത്തിയോടെ ഒറ്റയ്ക്കാണ് തലനിറഞ്ഞുള്ള മുടിയുടെ പരിപാലനം.
കമ്പം യാത്രയും സിനിമയും
സ്കൂൾ- പ്രീഡിഗ്രി പഠനകാലത്തെല്ലാം സിനിമ കമ്പമുള്ളതിനാൽ സ്കൂളിനടുത്തുള്ള തീയേറ്ററിൽ എല്ലാ ആഴ്ചയും കൃത്യമായെത്തി പടം കണ്ടിരുന്നു. പിന്നീട് തൊടുപുഴ നഗരത്തിലും പാലായിലുമൊക്കെയെത്തിയാണ് സിനിമാ കമ്പം തീർത്തത്. ജയനും മമ്മൂട്ടിയുമാണ് പ്രിയതാരങ്ങൾ. വിവാഹശേഷം നാട്ടിൽ കൃഷിയും രാഷ്ട്രീയവുമായി സജീവമായതോടെ സിനിമയ്ക്കൊപ്പം യാത്രയോടും കമ്പമായി. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം കുടുംബസമേതം കണ്ടുകഴിഞ്ഞു. വിദേശത്തുള്ള ഇളയ മകൾ നാട്ടിലെത്തിയാൽ അടുത്ത ട്രിപ്പ് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |