
റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന ഉറപ്പിൽ ഒത്തുതീർപ്പ്
അഞ്ചാലുംമൂട്: ദേശീയപാത നീരാവിൽ അണ്ടർപാസിന് മുകളിൽ വിള്ളലുണ്ടായ ഭാഗത്ത് റീടാറിംഗ് നടത്താനെത്തിയ കരാർ കമ്പനിയുടെ നടപടി പ്രദേശവാസികൾ തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. തകർന്നുകിടക്കുന്ന സമീപത്തെ രണ്ട് പ്രധാന റോഡുകൾ സഞ്ചാരയോഗ്യമാക്കാതെ മേൽഭാഗത്തെ ടാറിംഗ് നടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.
നേരത്തെ, കനത്ത മഴയ്ക്ക് പിന്നാലെ അണ്ടർപാസിന് മുകളിൽ നീളത്തിൽ വൻ വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് നിർമ്മാണ കമ്പനി ജീവനക്കാർ ടാർ ഉരുക്കിയൊഴിച്ച് മണൽ വിതറി താത്കാലികമായി വിള്ളൽ അടയ്ക്കാൻ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിള്ളലുണ്ടായ ഭാഗത്ത് വീണ്ടും റീടാറിംഗ് നടത്താൻ കമ്പനി അധികൃതർ എത്തിയത്.
എന്നാൽ, സർവീസ് റോഡിൽ നിന്ന് നീരാവിൽ ലക്ഷംവീട്ടിലേക്ക് പോകുന്ന റോഡും മന്ദിരത്തിൽ കായൽവാരം ഭാഗത്തേക്ക് പോകുന്ന റോഡും പൂർണമായി തകർന്നുകിടക്കുമ്പോൾ അണ്ടർപാസിന് മുകളിൽ മാത്രം പണി നടത്തുന്നത് അംഗീകരിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. പ്രതിഷേധം ശക്തമായതോടെ അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി.
തുടർന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കുരീപ്പുഴ ഡിവിഷൻ കൗൺസിലർ ബി.അജിത്ത് കുമാർ, നീരാവിൽ സൗത്ത് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി മോഹൻ എന്നിവരും നിർമ്മാണ കമ്പനി പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി. തകർന്നുകിടക്കുന്ന റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കാമെന്ന് കരാർ കമ്പനി ഉറപ്പുനൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്ന് റോഡ് നന്നാക്കാനുള്ള പണികൾ ഇന്നലെ രാത്രിയോടെ തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |