SignIn
Kerala Kaumudi Online
Sunday, 14 June 2026 2.32 AM IST

അധികൃതർ കാണുന്നില്ല; ഇടവട്ടത്ത് റോഡ് തകർത്ത് പൈപ്പ് പൊട്ടൽ

ccc
പൊരീക്കൽ ആൽമുക്കിനും കുളക്കരപാലത്തിനുമിടയിൽ മാസങ്ങളായി വിതരണക്കുഴൽ പൊട്ടിയൊഴുകി റോഡ് തകർന്ന നിലയിൽ

പുത്തൂർ: പൊരീക്കൽ - ചീരങ്കാവ് റോഡിൽ ഇടവട്ടം ഭാഗത്ത് പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ശാശ്വത പരിഹാരമാകുന്നില്ല. പൊരീക്കൽ ആൽമുക്കിനും പുത്തൻവീട്ടിൽ പാലത്തിനും ഇടയിലുള്ള കൊടുംവളവിലാണ് (തടത്തിൽ ഭാഗം) വലിയ തോതിൽ കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.

 റോഡിൽ വൻ കുഴികൾ

പൈപ്പിൽ നിന്നും വെള്ളം ശക്തമായി കുത്തിയൊഴുകിയതിനെ തുടർന്ന് ഇവിടുത്തെ ടാറിംഗ് പൂർണമായി ഇളകി റോഡാകെ വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആഴമറിയാതെ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം രണ്ട് സ്കൂട്ടർ യാത്രക്കാരാണ് ഇവിടെ വീണ് അപകടത്തിൽപ്പെട്ടത്.

 തെന്നലും വെള്ളക്കെട്ടും

കൊടുംവളവായതിനാൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടുമ്പോൾ തെന്നിമാറുന്നതും പതിവാണ്. റോഡിന്റെ വശത്തെ ഓടയിൽ എപ്പോഴും മലിനജലം കെട്ടിക്കിടക്കുകയാണ്. ചില ഭാഗങ്ങളിൽ റോഡിനോട് ചേർന്ന് മണ്ണ് കുത്തിയൊഴുകിപ്പോയത് റോഡിന്റെ അടിത്തറയെത്തന്നെ ബാധിച്ചിട്ടുണ്ട്. ഇത് അപകടസാദ്ധ്യത ഇരട്ടിയാക്കുന്നു.

 അധികൃതരുടെ ഉറപ്പ് ജലരേഖയായി

രണ്ടാഴ്ച മുമ്പ് ഇവിടുത്തെ കുഴൽപൊട്ടൽ മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. തുടർന്ന് പവിത്രേശ്വരം പഞ്ചായത്തിലുടനീളം പൈപ്പുകൾ പൊട്ടി ജലവിതരണം മുടങ്ങുന്നുവെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ജെ.കെ. വിനോദിനിയുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ കൊട്ടാരക്കര ജലവിഭവ വകുപ്പ് ഓഫീസിന് മുന്നിൽ വലിയ സമരം സംഘടിപ്പിച്ചിരുന്നു. സമരത്തെ തുടർന്ന് ഉന്നത അധികൃതർ സ്ഥലം സന്ദർശിക്കുകയും അടിയന്തര പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തെങ്കിലും പുത്തൻവീട്ടിൽ പാലത്തിന് സമീപത്തെ പ്രധാന കുഴൽപൊട്ടൽ പരിഹരിക്കാൻ ഇതുവരെ നടപടിയായിട്ടില്ല.

ദിവസം ചെല്ലുന്തോറും കൂടുതൽ ഭാഗങ്ങളിലേക്ക് പൈപ്പ് പൊട്ടൽ വ്യാപിക്കുന്നത് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ പ്രകോപിപ്പിക്കുന്നുണ്ട്. ജലവിഭവ വകുപ്പ് അടിയന്തരമായി ഇടപെട്ട് പൈപ്പ് ലൈൻ അറ്റകുറ്റപ്പണി തീർത്ത് റോഡ് ഗതാഗതയോഗ്യമാക്കണം.

പ്രദേശവാസികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL