കൊല്ലം: ജില്ലാ സ്കൂൾ കായികമേളയിൽ തിളക്കമാർന്ന നേട്ടം സ്വന്തമാക്കി അസാം സ്വദേശിയായ സാബിറുദ്ദീൻ. ചവറ മുക്കുതോട് ഗവ. യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ലോംഗ് ജംപിലും 80 മീറ്റർ ഹർഡിൽസിലുമാണ് സാബിറുദ്ദീൻ സ്വർണമെഡലുകൾ നേടിയത്.
നാലാം ക്ലാസ് മുതൽ ചവറ സ്കൂളിലെത്തിയ സാബിറുദ്ദീൻ, കഴിഞ്ഞ രണ്ട് വർഷമായി കായികരംഗത്തുണ്ട്. ലോംഗ് ജംപിൽ 4.97 മീറ്റർ ദൂരം താണ്ടിയാണ് ഒന്നാം സ്ഥാനം നേടിയത്. യു.പി സ്കൂളായതുകൊണ്ട് സ്വന്തമായി പരിശീലകനില്ല. എങ്കിലും, രണ്ടാഴ്ചയിൽ ഒരിക്കലെത്തുന്ന ബി.ആർ.സി ട്രെയിനർ അൽഫോൻസിയയുടെ നേതൃത്വത്തിലാണ് പരിശീലനം. സ്വന്തമായി ഗ്രൗണ്ടില്ലാത്തതിനാൽ സ്കൂളിന് സമീപമുള്ള പഞ്ചായത്ത് ഗ്രൗണ്ടിലാണ് പരിശീലനം. സ്കൂൾ പ്രഥമാദ്ധ്യാപിക പ്രിൻസിയുടെയും അദ്ധ്യാപകരുടെയും പൂർണ പിന്തുണയും നേട്ടത്തിന് പിന്നിലുണ്ട്.
മൂന്നാം ക്ലാസ് വരെ അസാമിലായിരുന്നു സാബിറുദ്ദീന്റെ പഠനം. കേരളത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവ് കബീറുദ്ദീനൊപ്പം എട്ടുവർഷം മുമ്പാണ് കേരളത്തിലെത്തിയത്. മാതാവ് ജാസ്മിൻ. സഹോദരി മെഹ്ദിയ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |