പാലാ: ഒരു നൂറ്റാണ്ടിലേറെക്കാലമായി അറിവിന്റെ വെളിച്ചം പകർന്നിരുന്ന മീനച്ചിൽ പഞ്ചായത്തിലെ ഏറ്റവും മികച്ച ഗവ.യു.പി.സ്‌കൂളെന്ന ബഹുമതിയുള്ള പൂവരണി ഗവ.യു.പി.സ്‌കൂളിന്റെ മുഖച്ഛായ മിനുങ്ങും. ഒരുകോടി അമ്പത്തെട്ട് ലക്ഷം രൂപാ മുടക്കി സ്‌കൂളിനായി പുതിയ ബഹുനില മന്ദിരത്തിന്റെ പണികൾ ആരംഭിച്ചുകഴിഞ്ഞു. രണ്ട് നിലകളിലായി ഉയരുന്ന പുതിയ കെട്ടിടം സ്‌കൂളിന്റെ വികസനയാത്രയിൽ മറ്റൊരു നാഴികക്കല്ലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും അദ്ധ്യാപകരും പൂർവവിദ്യാർഥികളും. പുതിയ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ആധുനിക സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയാണ് പുതിയ മന്ദിര നിർമാണത്തിന് വഴിതെളിച്ചത്.
നിരവധി പ്രമുഖർ പഠിച്ചിറങ്ങിയ സ്കൂളിൽ നിന്ന് ഇതിനോടകം ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കി ജീവിതത്തിന്റെ വിവിധ തുറകളിലേക്ക് പോയത്. ഒരു നൂറ്റാണ്ടിലധികം പ്രായമുള്ള സ്‌കൂൾ 1908ലാണ് സ്ഥാപിച്ചത്. പുതിയ കെട്ടിടത്തിനായി പഴയ കെട്ടിടം പൊളിച്ചുനീക്കിയിട്ടുണ്ട്. ഒന്നുമുതൽ ഏഴ് വരെ ക്ലാസുകളിലായി നൂറിൽപരം വിദ്യാർത്ഥികളാണുള്ളത്. പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ഷിബുമോൻ ജോർജ്ജാണ്.
ആറുമാസത്തിനുള്ളിൽ പൂർത്തിയാകും
പൂവരണി ഗവ. യു.പി. സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മീനച്ചിൽ പഞ്ചായത്ത് മെമ്പർ ബിൻസി ഐസക്, പി.ടി.എ.പ്രസിഡന്റ് സിബി ജോസഫ്, ഹെഡ്മാസ്റ്റർ ഷിബുമോൻ ജോർജ്ജ് എന്നിവർ പറഞ്ഞു. മുൻ പ്രസിഡന്റായിരുന്ന സാജോ പൂവത്താനി മുൻകൈ എടുത്താണ് സ്‌കൂളിന്റെ പുതിയ മന്ദിരംപണിക്കുള്ള നടപടികൾ സ്വീകരിച്ചത്. ഒരുകാലത്ത് ഗ്രാമത്തിന്റെ മക്കൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന ഈ വിദ്യാലയം, പുതിയ മന്ദിരത്തോടൊപ്പം വരും തലമുറകൾക്കും കൂടുതൽ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിക്കാൻ ഒരുങ്ങുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |