SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

മലപ്പുറത്ത് വൻ 'മണിമ്യൂൾ' തട്ടിപ്പിന് ശ്രമം

മലപ്പുറം: ബാങ്കിംഗ് നെറ്റ്‌‌വർക്കിൽ നിന്നുള്ള മുന്നറിയിപ്പ് സന്ദേശം പ്രയോജനപ്പെടുത്തി മലപ്പുറം സൈബർ ക്രൈം പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ 'മണിമ്യൂൾ' സാമ്പത്തിക തട്ടിപ്പ് ശ്രമം തകർത്തു. മലപ്പുറത്തെ പ്രമുഖ സ്വകാര്യ ബാങ്ക് ശാഖയിൽ നിന്നും ഒരേദിവസം തന്നെ രണ്ടുതവണകളിലായി ഒരാൾ വലിയ തുക പിൻവലിക്കാൻ ശ്രമിക്കുന്നതായി ബാങ്കിംഗ് നെറ്റ്‌ വർക്കിൽ നിന്ന് സൈബർ ക്രൈം പൊലീസിന് സൂചന ലഭിക്കുകയായിരുന്നു. തുടർന്ന് എസ്.എച്ച്.ഒ യു.കെ.ഷാജഹാന്റെ നിർദ്ദേശപ്രകാരം പൊലീസ് സംഘം ഉടൻ ബാങ്കിലെത്തി പണം പിൻവലിക്കുന്നത് തടഞ്ഞു. പണം പിൻവലിക്കാനെത്തിയ വ്യക്തിയോട് തുകയുടെ സ്രോതസ്സിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി നൽകാൻ സാധിച്ചില്ല. തുടർന്നുണ്ടായ ചോദ്യം ചെയ്യലിലാണ് കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പുകാർക്കായി തന്റെ അക്കൗണ്ട് വിട്ടുനൽകിയതാണെന്ന് വ്യക്തമായത്.

വലിയ തുകകൾ വാടക അക്കൗണ്ടുകളിലേക്ക് (മണിമ്യൂൾ അക്കൗണ്ട്) അയച്ചുനൽകി, അതിൽ നിന്നും ലഭിക്കുന്ന കമ്മീഷൻ കൈപ്പറ്റിയാണ് ഇത്തരക്കാർ തട്ടിപ്പുകാർക്കായി പണം പിൻവലിച്ച് നൽകുന്നത്. പണം നേരിട്ട് കൈപ്പറ്റാൻ കാത്തുനിന്ന വ്യക്തി പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കി മുങ്ങി. പണമയച്ച അക്കൗണ്ടിന്റെ ഉറവിടത്തെക്കുറിച്ചും കൈപ്പറ്റാനെത്തിയ വ്യക്തിയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. എസ്.ഐ നജ്മുദ്ദീൻ മണ്ണിശ്ശേരി, എ.എസ്.ഐ അശോക് കുമാർ, സി.പി.ഒമാരായ പി.സി. വിഷ്ണുശങ്കർ, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിലുള്ളത്.

മുന്നറിയിപ്പുമായി പൊലീസ്
അനധികൃതമായോ, പരിചയമില്ലാത്ത വ്യക്തികൾക്കോ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ നൽകുന്നതും പണം പിൻവലിച്ചു നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊതുജനങ്ങൾ ഇത്തരം കെണികളിൽ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL