SignIn
Kerala Kaumudi Online
Saturday, 08 August 2026 2.33 PM IST

കർഷകന് കണ്ണീര്, ലോബികൾക്ക് കൊള്ളലാഭം

വണ്ടൂർ: കോഴിത്തീറ്റയുടെ കുതിച്ചുയരുന്ന വില മാത്രമല്ല,​ കേരളത്തിലെ പൗൾട്രി കർഷകരുടെ തകർച്ചയ്ക്ക് കാരണം. അതിലും ഭയാനകമായ മറ്റൊരു ശക്തി അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്- തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻകിട പൗൾട്രി ലോബികൾ. കർഷകന് ന്യായമായ വില ഉറപ്പാക്കേണ്ട 'ഫാംറേറ്റ്' നിശ്ചയിക്കുന്നതിലും വിപണി നിയന്ത്രിക്കുന്നതിലും ഇവർ നടത്തുന്ന അട്ടിമറിയാണ് സംസ്ഥാനത്തെ ചെറുകിട ഫാമുകളെ മരണമുനമ്പിലേക്ക് തള്ളിയിടുന്നത്.

44 രൂപയ്ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 40 ദിവസം തീറ്റയും പരിചരണവുമേകി വിൽക്കുന്നവർക്ക് ചെലവ് തുകയുടെ പകുതി പോലും തിരിച്ചുകിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില,​ തീറ്റ,​ മരുന്ന്,​ പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ കേരളത്തിൽ 92-100 രൂപ ചെലവാകും. ഫാമുകളിൽ കിലോയ്ക്ക് 130 രൂപയെങ്കിലും ലഭിച്ചാലേ മുന്നോട്ടുപോകാനാവൂ. നിലവിൽ 110 രൂപയാണ് ഫാംറേറ്റ്. കേരളത്തിലെ ഫാമുകളിൽ കോഴികൾ വിൽപനയ്ക്ക് പാകമാകുന്ന സമയത്ത് തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ ഇറച്ചിക്കോഴികളെ ചില്ലറ വിപണിയിലെത്തിക്കും. ഇത് വിപണിയിൽ കൃത്രിമമായ ലഭ്യത സൃഷ്ടിക്കുകയും ഫാംറേറ്റ് കുത്തനെ ഇടിക്കുകയും ചെയ്യും. കേരളത്തിലെ ഫാമുകളെ തകർത്ത് ബ്രോയിലർ രംഗത്തെ കുത്തക നിലനിറുത്തുകയാണ് ലക്ഷ്യം. വിപണിയിലെ യാഥാർത്ഥ്യങ്ങളോ ഉൽപ്പാദനച്ചെലവോ നോക്കിയല്ല, മറിച്ച് തമിഴ്‌നാട്ടിലെ വൻകിട ഏജൻസികൾ തീരുമാനിക്കുന്ന തുകയാണ് ഫാംറേറ്റായി ഇവിടെ നടപ്പിലാകുന്നത്.

ഗൾഫിലെ സ്വദേശിവത്ക്കരണത്തെ തുടർന്ന് തിരിച്ചെത്തിയ പ്രവാസികൾ വലിയതോതിൽ കോഴി വളർത്തലിലേക്ക് തിരിഞ്ഞതോടെ ബ്രോയിലർ വിപണിയിലെ അന്യസംസ്ഥാന ഏജൻസികളുടെ നിയന്ത്രണവും വില നിശ്ചയിക്കുന്നതിലെ സ്വാധീനവും കുറഞ്ഞിരുന്നു. പിന്നാലെ കോഴിക്കുഞ്ഞുങ്ങളുടെ വിലകൂട്ടിയും കോഴിയുടെ വില വൻതോതിൽ കുറച്ചുമുള്ള നിരന്തര നീക്കത്തോടെ ജില്ലയിൽ ഉൾപ്പെടെ ഫാമുകൾ കൂട്ടത്തോടെ അടച്ചുപൂട്ടി.

തമിഴ്‌നാട്ടിലും മറ്റും വൻകിട കമ്പനികൾ കരാർ വളർത്തൽ രീതിയാണവലംബിക്കുന്നത്. കമ്പനികൾ തന്നെ തീറ്റയും കോഴിക്കുഞ്ഞുങ്ങളെയും നൽകുന്നതിനാൽ കർഷകന്റെ വ്യക്തിഗത നഷ്ടസാദ്ധ്യത കുറവാണ്. കുറഞ്ഞ ചെലവിൽ വലിയ അളവിൽ ഉത്‌പാദനം നടത്താനവർക്കാകും.

ഇടനിലക്കാരുടെ കൊള്ള

ഫാമിൽ നിന്ന് 110 രൂപ നിരക്കിൽ എടുക്കുന്ന കോഴി, ചില്ലറ വിപണിയിലെത്തുമ്പോൾ ഉപഭോക്താവിന് 160 മുതൽ 180 രൂപ വരെ നിരക്കിലാണ് വിൽക്കുന്നത്. ഈ വില വ്യത്യാസത്തിന്റെ സിംഹഭാഗവും ഇടനിലക്കാരും വൻകിട വിതരണക്കാരും കൊണ്ടുപോകും.

വേണം കാർ‌ഷിക പദവി

പൗൾട്രി മേഖലയ്ക്ക് കാർഷിക പദവി ലഭിക്കാത്തത് പ്രധാന തിരിച്ചടിയാണ്.

ഷീറ്റ് കൊണ്ട് നിർമ്മിക്കുന്ന താൽക്കാലിക ഷെഡുകൾക്ക് പോലും ആഡംബര ബിൽഡിംഗ് ടാക്സും വൺടൈം ടാക്സും നൽകേണ്ടി വരുന്നു. കൂടാതെ ബാങ്ക് വായ്പകളും ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ്.

തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഗുണനിലവാരം കുറഞ്ഞ കോഴിക്കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധശേഷി കുറവാണ്.

നിലവാരമില്ലാത്ത തീറ്റ വളർച്ച കുറയ്ക്കുകയും രോഗബാധയും മരണനിരക്കും കൂട്ടുന്നുമുണ്ട്.

കേരളത്തിൽ സർക്കാർ മേഖലയിൽ ഹാച്ചറികൾ തുടങ്ങി കുറഞ്ഞ നിരക്കിൽ കോഴിക്കുഞ്ഞുങ്ങളെയും ഗുണമേന്മയുള്ള തീറ്റയും ലഭ്യമാക്കിയാൽ ഉത്പാദനച്ചെലവ് കുറയുമെന്ന് മാത്രമല്ല ഉപഭോക്താക്കൾക്ക് കുറ‍ഞ്ഞ നിരക്കിൽ കോഴിയിറച്ചി ലഭ്യമാക്കാനും സഹായകമാവും.

'കോഴിക്കുഞ്ഞുങ്ങൾ, കോഴിത്തീറ്റ, മറ്റ് അസംസ്‌കൃത വസ്തുക്കൾ എന്നിവയ്ക്കായി കേരളം ഇപ്പോഴും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഉത്പാദനച്ചെലവ് നിരന്തരം വർദ്ധിപ്പിക്കുന്നു. കോഴിയിറച്ചിയുടെ വിപണിവില അന്യസംസ്ഥാന ലോബികളാണ് നിശ്ചയിക്കുന്നത്.'

ഡോ. എം.രജീഷ്

(പ്രസിഡന്റ്, കേരള ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ)

'ഗുണമേന്മയില്ലാത്ത കോഴിക്കുഞ്ഞുങ്ങൾക്കും തീറ്റയ്ക്കും പുറമേ നികുതിഭാരവും കർഷകരെ വലയ്ക്കുന്നു. ഇവയ്ക്ക് അടിയന്തര പരിഹാരം വേണം.'

കെ.എം.അബ്ദുൽ കരീം (റിട്ട.ഫീൽഡ് ഓഫീസർ, എ.ഐ വടപുറം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL