പെരിന്തൽമണ്ണ: കനാൽ കാടുപിടിച്ച് വെള്ളമൊഴുക്കു തടസ്സപ്പെട്ടതോടെ പുലാമന്തോൾ പഞ്ചായത്തിൽ തൂതപ്പുഴയിലെ കട്ടുപ്പാറ ചെറുകിട ജലസേചനപദ്ധതി പ്രയോജനരഹിതമായി.
1964ലാണ് കട്ടുപ്പാറ മുതൽ പാലൂർ ചെറുകാട് വരെ ആറര കിലോമീറ്റർ ദൈർഘ്യമുള്ള കനാൽ നിർമ്മിച്ചത്. കട്ടുപ്പാറ, തിരുനാരായണപുരം, പുലാമന്തോൾ, പാലൂർ, ചെറുകാട് പാടശേഖരങ്ങളിലേക്കുള്ള വെള്ളമെത്തിക്കുന്ന കനാൽ അറ്റകുറ്റപ്പണികളോ ശ്രദ്ധയോ ഇല്ലാതെ നശിക്കുകയാണ്.
പദ്ധതിയിൽ നാല് മോട്ടോറുകളുള്ളതിൽ രണ്ടെണ്ണമേ പ്രവർത്തിക്കുന്നുള്ളൂ. 75 കുതിരശക്തിയുള്ള ഒരു മോട്ടോറും 60 കുതിരശക്തിയുള്ള മറ്റൊന്നുമാണ് പ്രവർത്തിക്കാത്തത്. 60 കുതിരശക്തി വീതമുള്ള രണ്ട് മോട്ടോർ പ്രവർത്തിക്കുന്നുണ്ടെങ്കിലും വെള്ളം പാടത്തെത്തുന്നില്ല. അറ്റകുറ്റ പണികൾ യഥാസമയം നടത്താത്തതിനാൽ ഒഴുക്ക് തടസ്സപ്പെട്ട് കനാലിൽ വെള്ളം നിറഞ്ഞ് ഇരുവശങ്ങളിലേക്കും മറിഞ്ഞ് പാഴാവുന്നു.
കുറ്റിക്കാടും വള്ളിപ്പടർപ്പും കാരണം കനാൽ കാണാൻ തന്നെ പ്രയാസമാണ്.
രണ്ടുദിവസം മുമ്പേ ഹൈസ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും കർഷക, സന്നദ്ധ പ്രവർത്തകരും കട്ടുപ്പാറ ഭാഗത്ത് ശുചീകരണം നടത്തിയിരുന്നു. പക്ഷേ, മിക്ക ഭാഗത്തും കുട്ടികൾക്ക് ഇറങ്ങി ശുചീകരിക്കാൻ കഴിയാത്തത്ര കാടായിരുന്നു. മുമ്പ് പഞ്ചായത്ത് ഭരണസമിതി തൊഴിലാളികളെ വച്ച് കനാൽ വൃത്തിയാക്കാറുണ്ടായിരുന്നു.
മാലിന്യനിക്ഷേപം തടയണം
കനാലിന്റെ ഇരുവശത്തും പരിസരവാസികൾ വിവിധ കൃഷികൾ നടത്തുന്നുണ്ട്. കായ്‌ഫലങ്ങളെടുത്ത് അവശിഷ്ടങ്ങൾ കനാലിലേക്ക് വലിച്ചെറിയുന്നതും മാലിന്യങ്ങളിയാൻ കാരണമാവുന്നു.
കനാലിലേക്ക് മലിനജലമെത്തുന്നത് തടയാൻ പഞ്ചായത്തിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും ഭാഗത്ത് നിന്ന് നടപടിയുണ്ടാവുന്നില്ലെന്ന് കർഷകർ പറയുന്നു.
മാലിന്യം തള്ളൽ തടയാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യമുണ്ട്.
കനാലിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തി കൈയേറ്റമുണ്ടെങ്കിൽ ഒഴിപ്പിച്ച് പദ്ധതിഭൂമി സംരക്ഷിക്കേണ്ടതുണ്ട്.
കനാലിലൂടെ വെള്ളമൊഴുകുന്നത് സമീപത്തെ കിണറുകളിൽ വെള്ളം നിലനിറുത്താനും സഹായകമായിരുന്നു.
പദ്ധതിയിൽ നിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തി തുടക്കത്തിൽ മൂന്ന് വിള എടുത്തിരുന്നു. പിന്നീടിത് ഒരു വിളയിൽ ചുരുങ്ങി. രാസവളങ്ങളുടെയും കീടനാശിനികളുടെയും അടിക്കടിയുള്ള വിലവർദ്ധനവും വെള്ള പ്രശ്നം കൂടിയാവുമ്പോൾ കർഷകർക്ക് പിടിച്ചുനിൽക്കാനാവുന്നില്ല
ഹംസ പാലൂർ, പാടശേഖരസമിതി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |