മലപ്പുറം: ജില്ലയിൽ ചൂട് കനത്തതോടെ കത്തുന്ന വെയിലിൽ ജോലി ചെയ്യാനാവാതെ തൊഴിലാളികൾ ദുരിതത്തിൽ. രാവിലെ മുതൽ ആരംഭിക്കുന്ന കടുത്ത വെയിൽ വൈകിട്ട് വരെ നീളുന്നത് സാധാരണക്കാരുടെ അദ്ധ്വാനത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു.
നിർമ്മാണ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ട്രാഫിക് പൊലീസുകാർ, ഓൺലൈൻ ഡെലിവറി ജീവനക്കാർ, കർഷകർ, ഉന്തുവണ്ടിയിൽ സാധനം വിൽക്കുന്നവർ തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന വിഭാഗങ്ങളാണ് വലിയ വെല്ലുവിളി നേരിടുന്നത്. അന്തരീക്ഷം കൂടുതൽ തെളിഞ്ഞ് സുഖകരമായ കാലാവസ്ഥ അനുഭവപ്പെടേണ്ട സെപ്തംബറിലാണ് ഇവർ ചൂടിൽ വലയുന്നത്.
മഴയുടെ കുറവും കാലാവസ്ഥാ വ്യതിയാനവും മൂലം അനുഭവപ്പെടുന്ന അപ്രതീക്ഷിത വെയിലായതിനാൽ സാധാരണ വേനൽക്കാലത്തോ കനത്ത മഴക്കാലത്തോ ലഭിക്കാറുള്ള അധിക വേതനം ഫുഡ് ഡെലിവറി ജീവനക്കാർക്കിപ്പോൾ ലഭിക്കുന്നില്ല.
ചൂട് ഉയർന്നിട്ടും ട്രാഫിക് പൊലീസുകാർക്ക് ജോലി സമയത്തിലോ ക്രമീകരണങ്ങളിലോ പ്രത്യേക ഇളവുകളൊന്നും അനുവദിച്ചിട്ടില്ല. തൊഴിലിടങ്ങളിൽ ആവശ്യത്തിന് ശുദ്ധജലം ലഭ്യമല്ലാത്തത് നിർമ്മാണ തൊഴിലാളികളെ കടുത്ത നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നുണ്ട്.
തൊഴിൽ പ്രതിസന്ധിയും
പുഴകളിലും കിണറുകളിലും പാടശേഖരങ്ങളിലും വെള്ളം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്.
പാൽ ഉല്പാദനം കുറഞ്ഞതിനെ തുടർന്ന് ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്.
സെപ്തംബറിൽ ചൂട് കടുത്തതോടെ അടുത്ത മാസം എങ്ങനെയാവുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
ജൂൺ ഒന്ന് മുതൽ സെപ്തംബർ 14 വരെ ഇത്തവണ ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയിൽ 25 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ചൂട് കൂടിയതിനാൽ പകൽ സമയത്ത് പ്രൊഡക്റ്റിവിറ്റി കുറയും. പണി പൂർത്തിയാവാൻ കൂടുതൽ സമയമെടുക്കും. അതിരാവിലെ ജോലി ആരംഭിച്ച് പീക്ക് സമയത്ത് അവസാനിപ്പിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്.
മൊഹീസ്, കോൺട്രാക്ടർ, പെരിന്തൽമണ്ണ
കൂടുതൽ ചൂട് അനുഭവപ്പെടുന്ന ഉച്ച സമയത്താണ് ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്. വെയിൽ കാരണം ജോലി ഒഴിവാക്കിയാൽ വരുമാനം നഷ്ടപ്പെടും.
പി.ഫിറോസ്, ഫുഡ് ഡെലിവറി ജീവനക്കാരൻ, മലപ്പുറം
കടുത്ത വെയിലിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ചില്ലുവഴി നല്ല ചൂട് അനുഭവപ്പെടും. യാത്രക്കാർക്ക് ലഭിക്കുന്ന സുഖം ഓടിക്കുന്നവർക്ക് ലഭിക്കില്ല. നിർജ്ജലീകരണം തടയാൻ ഓട്ടോയിൽ വെള്ളം കരുതിയിട്ടുണ്ട്
മുഹമ്മദലി, ഓട്ടോറിക്ഷ ഡ്രൈവർ, കൊണ്ടോട്ടി പുളിക്കൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |