SignIn
Kerala Kaumudi Online
Friday, 18 September 2026 11.50 PM IST

സർക്കാർ ആശുപത്രികളെ കൈവിട്ട് മലപ്പുറം: പ്രസവങ്ങളിൽ 80 ശതമാനവും സ്വകാര്യ ആശുപത്രികളിൽ

kkkk
.

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്ന മലപ്പുറം ജില്ലയിൽ നടക്കുന്ന ആകെ പ്രസവങ്ങളിൽ 80 ശതമാനത്തിലധികവും സ്വകാര്യ ആശുപത്രികളെ ആശ്രയിച്ച്. പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം സൗജന്യ മാതൃശിശു പരിചരണ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടും ജില്ലയിലെ ഭൂരിഭാഗം കുടുംബങ്ങളും പ്രസവത്തിന് സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, കഴിഞ്ഞ ഏതാനും വർഷങ്ങളായി ജില്ലയിലെ ആകെ പ്രസവങ്ങളുടെ എണ്ണത്തിലും സ്വകാര്യ- സർക്കാർ മേഖലകളിലെ പ്രസവ നിരക്കുകളിലും പ്രകടമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

2021 മുതൽ 2025 വരെയുള്ള ആരോഗ്യ വകുപ്പിന്റ കണക്കുകൾ പ്രകാരം ജില്ലയിലെ പ്രസവ ശുശ്രൂഷാരംഗത്ത് സ്വകാര്യ മേഖലയ്ക്കുള്ള ആധിപത്യം പ്രകടമാണ്. 2021-22ൽ ആകെ നടന്ന 87,000ത്തോളം പ്രസവങ്ങളിൽ 70,835 എണ്ണവും സ്വകാര്യ ആശുപത്രികളിലാണ് നടന്നത്. സർക്കാർ മേഖലയിൽ 16,221 പ്രസവങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. തുടർന്നുള്ള വർഷങ്ങളിലും ഈ പ്രവണത കാര്യമായ മാറ്റമില്ലാതെ തുടർന്നു. 2022-23ൽ സ്വകാര്യ ആശുപത്രികളിൽ 71,716 പ്രസവങ്ങൾ നടന്നപ്പോൾ സർക്കാർ മേഖലയിലിത് 17,​236 ആയിരുന്നു. 2023-24ൽ സ്വകാര്യ ആശുപത്രികളിൽ 63,771 പ്രസവങ്ങൾ രേഖപ്പെടുത്തിയപ്പോൾ സർക്കാർ ആശുപത്രികളിൽ പ്രസവങ്ങളുടെ എണ്ണം 13,749 ആയി. 2024-25 ൽ ആകെ രേഖപ്പെടുത്തിയ 68,500ഓളം പ്രസവങ്ങളിൽ 57,902 എണ്ണവും സ്വകാര്യ മേഖലയിലാണ് നടന്നത്. 10,671 പ്രസവങ്ങൾ മാത്രമാണ് ഇക്കാലയളവിൽ സർക്കാർ ആശുപത്രികളിൽ നടന്നത്. പ്രസവശുശ്രൂഷയ്ക്കായി സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും രോഗികളുടെ തിരക്ക് ഒഴിവാക്കാനും വ്യക്തിഗത പരിചരണം ഉറപ്പാക്കാനുമാണ് വലിയൊരു വിഭാഗം ആളുകൾ സ്വകാര്യ ആശുപത്രികളെ തിരഞ്ഞെടുക്കുന്നത്.

കാസർകോടിന് പിന്നിൽ മലപ്പുറം

അഞ്ച് ജില്ലകളിൽ സിസേറിയൻ നിരക്ക് 50 ശതമാനത്തിനും മുകളിലേക്ക് കുതിച്ചുയരുകയും അനാവശ്യ ശസ്ത്രക്രിയകൾ ചർച്ചയാവുകയും ചെയ്യുമ്പോൾ മലപ്പുറം ജില്ലയിൽ സിസേറിയൻ നിരക്ക് കുറവാണ് എന്നത് ശ്രദ്ധേയമാണ്.

സംസ്ഥാന ശരാശരി 45 ശതമാനത്തിനടുത്ത് നിൽക്കുമ്പോഴാണ് മലപ്പുറത്ത് സിസേറിയൻ നിരക്ക് 35 ശതമാനത്തിൽ പിടിച്ചുനിർത്താനായത്.

34.5 ശതമാവുമായി കാസർകോട് ആണ് സിസേറിയൻ നിരക്കിൽ ഏറ്റവും പിന്നിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL