മലപ്പുറം: ആറുവരി ദേശീയപാതയിൽ വാഹനങ്ങൾ കുതിച്ചുപായുമ്പോൾ ട്രാക്ക് മാറുന്നതിലെ അശ്രദ്ധയും തെറ്റായ ഓവർടേക്കിംഗും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. ദേശീയപാതയിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർ പോലും ഓരോ ട്രാക്കും ഉപയോഗിക്കേണ്ട രീതി കൃത്യമായി പാലിക്കാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഒരാഴ്ചക്കിടെ മാത്രം ദേശീയപാതയിൽ പത്തിലധികം അപകടങ്ങളാണുണ്ടായത്. രണ്ടുജീവനുകളും പൊലിഞ്ഞു. ആറുവരി പാതയിൽ ഒരേദിശയിലുള്ള മൂന്ന് ട്രാക്കുകളിലും വാഹനങ്ങൾ തോന്നിയപോലെ സഞ്ചരിക്കുന്നതാണ് പ്രധാന പ്രശ്നം. ആറ് വരിയായി ദേശീയപാതകൾ വികസിപ്പിച്ചതോടെ ഇത്തരം റോഡുകളിൽ വാഹനമോടിച്ചുള്ള പരിചയക്കുറവും വില്ലനാണ്.
മനസ്സിൽ കുറിച്ചിടാം
സാധാരണയായി ഇടതുവശത്തെ ട്രാക്ക് വേഗം കുറഞ്ഞ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ഉപയോഗിക്കാനുള്ളതാണ്. നടുവിലെ ട്രാക്കിലൂടെ യാത്ര തുടരാം. മുന്നിലുള്ള വാഹനത്തെ മറികടക്കാൻ വലതുവശത്തെ ട്രാക്ക് ഉപയോഗിക്കണം. ഓവർടേക്ക് ചെയ്തശേഷം സുരക്ഷിതമായ അകലം ലഭിച്ചാൽ നടുവിലെ ട്രാക്കിലേക്ക് മടങ്ങണം. ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് ഇൻഡിക്കേറ്റർ നൽകി പിന്നിൽ നിന്നുള്ള വാഹനങ്ങളുടെ വേഗവും അകലവും ഉറപ്പാക്കണം. മുന്നിലുള്ള വാഹനത്തെ മറികടക്കാൻ മതിയായ സ്ഥലമുണ്ടെന്ന് ബോദ്ധ്യപ്പെട്ടശേഷം മാത്രമേ ട്രാക്ക് മാറാവൂ. തുടർച്ചയായ വരകൾ മുറിച്ചുകടക്കുന്നതും ഓവർടേക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിലും വാഹനം മറികടക്കുന്നതും അപകടകരമാണ്. റോഡിലെ അടയാളങ്ങളും ദിശാസൂചനകളും നിർബന്ധമായും പാലിക്കണം.
സർവീസ് റോഡിലേക്ക് കയറും മുമ്പ്
ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്ക് മാറുമ്പോൾ അവസാന നിമിഷം ട്രാക്ക് മാറുന്നതും ഇൻഡിക്കേറ്റർ നൽകാതെ തിരിയുന്നതും അപകടത്തിന് കാരണമാകാം. മുൻകൂട്ടി സൂചന നൽകി വേഗം കുറച്ചശേഷം സർവീസ് റോഡിലേക്ക് മാറണം. അവിടെയുള്ള വാഹനങ്ങളുടെ വരവ് ശ്രദ്ധിച്ചശേഷമേ പ്രവേശിക്കാവൂ.
അകലം കുറഞ്ഞാൽ കൂട്ടിയിടി
മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതും ദേശീയപാതയിലെ അപകടസാദ്ധ്യത വർദ്ധിപ്പിക്കും. ഉയർന്ന വേഗത്തിൽ സഞ്ചരിക്കുമ്പോൾ മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്താൽ വാഹനം നിറുത്താൻ കൂടുതൽ ദൂരം ആവശ്യമാണ്. മതിയായ അകലമില്ലെങ്കിൽ കൂട്ടിയിടിയുണ്ടാകാം. മഴയിലും കാഴ്ചക്കുറവുള്ള സാഹചര്യങ്ങളിലും വാഹനങ്ങൾ തമ്മിലുള്ള അകലം വർദ്ധിപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |