SignIn
Kerala Kaumudi Online
Saturday, 31 October 2026 6.53 AM IST

പുഞ്ചകൃഷിക്ക് കോൾനിലങ്ങൾ ഒരുങ്ങി; ബിയ്യം ലിങ്ക് കനാൽ ഇത്തവണയും തുണയ്ക്കില്ല

പൊന്നാനി: പുഞ്ചകൃഷിക്ക് കോൾനിലങ്ങൾ ഒരുങ്ങുമ്പോഴും ജലക്ഷാമത്തിന് പരിഹാരമാകേണ്ട ബിയ്യം ലിങ്ക് കനാൽ പദ്ധതി ഇത്തവണയും കർഷകർക്ക് തുണയാകില്ല. നിർമ്മാണം 43 ശതമാനം മാത്രമാണ് പൂർത്തിയായത്. മഴയും തോടുകളിൽ വെള്ളം നിറഞ്ഞുനിൽക്കുന്ന സാഹചര്യവും കാരണം നിലവിൽ നിർമ്മാണം നിലച്ചിരിക്കുകയാണ്. അടുത്ത മാർച്ചോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തൃശൂർ വെട്ടിക്കടവ് മുതൽ മലപ്പുറം ബിയ്യം കായൽ വരെ നീണ്ടുകിടക്കുന്ന പൊന്നാനി കോൾമേഖലയിലെ കർഷകരുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് പദ്ധതി പ്രതീക്ഷ നൽകുന്നത്. 36 കോടി രൂപ ചെലവിൽ നബാർഡ് സഹായത്തോടെ നടപ്പാക്കുന്ന ഭാരതപ്പുഴ-ബിയ്യം കായൽ സംയോജന പദ്ധതിയുടെ നിർമാണക്കരാർ 2025 സെപ്തംബറിലാണ് കമ്പനിക്ക് കൈമാറിയത്.

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ സംഭരണശേഷി പ്രയോജനപ്പെടുത്തി ഭാരതപ്പുഴയിൽ നിന്ന് ബിയ്യം കായലിലേക്കും മാണൂർ കായലിലേക്കും വെള്ളമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കനാൽ സംവിധാനത്തിനൊപ്പം തോടുകളിലെ ജലപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള നിർമാണപ്രവൃത്തികളും ഇതിൽ ഉൾപ്പെടുന്നു.

ബിയ്യം ലിങ്ക് കനാൽ പദ്ധതി ലക്ഷ്യം കാണണമെങ്കിൽ കനാൽ നിർമാണത്തിനൊപ്പം ചമ്രവട്ടം റെഗുലേറ്ററിൽ വെള്ളം സംഭരിക്കാനുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്. കേടായ ഷട്ടറുകൾ മാറ്റി സ്റ്റെയിൻലെസ് സ്റ്റീൽ ഷട്ടറുകൾ സ്ഥാപിക്കാൻ മൂന്നുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഉപ്പുവെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ നിലവിലെ ഷട്ടറുകളുടെ പ്രവർത്തനം ദുഷ്‌കരമായ സാഹചര്യത്തിലാണ് മാറ്റം. ഇരുപ്രവൃത്തികളും പൂർത്തിയാകുമ്പോൾ മാത്രമേ ബിയ്യം കായലിലും അനുബന്ധ തോടുകളിലും ആവശ്യത്തിന് വെള്ളമെത്തിക്കാൻ കഴിയൂ. ഏപ്രിൽ, മേയ് മാസങ്ങളിൽ വെള്ളം സംഭരിച്ച് ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കാനായാൽ മേഖലയിലെ ജലക്ഷാമത്തിന് വലിയൊരളവിൽ പരിഹാരമാകും.

ഇനി പാടം തരിശിടേണ്ട

മലപ്പുറം, തൃശൂർ ജില്ലകളിലായി ഏദേശം 11,000 ഏക്കർ കോൾകൃഷിഭൂമിയാണ് പൊന്നാനി കോൾമേഖലയിലുള്ളത്. മഴക്കുറവും ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം ആവശ്യത്തിന് വെള്ളം ലഭിക്കാത്തത് കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പൊന്നാനി നഗരസഭയ്ക്കു പുറമേ എടപ്പാൾ, മാറഞ്ചേരി, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, തവനൂർ, വെളിയങ്കോട്, ആലങ്കോട് പഞ്ചായത്തുകളിലെയും തൃശൂർ ജില്ലയിലെ കുന്നംകുളം നഗരസഭയിലെയും പോർക്കുളം, കാട്ടകാമ്പാൽ, പുന്നയൂർക്കുളം, വടക്കേക്കാട്, കടവല്ലൂർ പഞ്ചായത്തുകളിലെയും കൃഷിഭൂമികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ലിങ്ക് കനാൽ യാഥാർഥ്യമായാൽ പാടങ്ങൾ തരിശിടേണ്ടിവരില്ല. അടുത്ത കൃഷിക്കാലത്തേക്കെങ്കിലും പദ്ധതി പൂർത്തിയാക്കി വെള്ളം ലഭ്യമാക്കണം

കർഷകർ

നിർമ്മാണം 43% മാത്രം

36 കോടിയുടെ പദ്ധതി; 57% പണി ബാക്കി

11,000 ഏക്കർ കോൾഭൂമിക്ക് പ്രതീക്ഷ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL