പാണ്ടനാട്: പാണ്ടനാട് പഞ്ചായത്തിലെ 14-ാം വാർഡിലെ നാക്കട ഇല്ലിമലത്തോട്ടിൽ കഴിഞ്ഞ രണ്ട് ദിവസമായി മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ പമ്പാനദിയിൽ നിന്ന് ഇല്ലിമലത്തോട്ടിലേക്കും, അവിടെ നിന്ന് 60 ഏക്കറിലധികം വരുന്ന പുഞ്ചപ്പാടങ്ങളിലേക്കും വെള്ളം കയറിയിരുന്നു. നിലവിൽ വെള്ളം ഇറങ്ങുന്ന സാഹചര്യത്തിൽ പുഞ്ചപ്പാടങ്ങളിൽ നിന്നുള്ള മലിനജലം ഇല്ലിമലത്തോട്ടിലേക്കും തുടർന്ന് പമ്പാനദിയിലേക്കും തിരിച്ചൊഴുകുകയാണ്. പുഞ്ചയിലെ വെള്ളത്തിൽ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നതായും കൊതുക്, ഈച്ച എന്നിവയുടെ ശല്യം വർദ്ധിച്ചതായും പ്രദേശവാസികൾ പറയുന്നു. ഇതുമൂലം ജനങ്ങൾ ഏറെ ദുരിതത്തിലാണ്. പുഞ്ചയിലേക്ക് കയറിയ മീനുകൾക്കൊപ്പം തോട്ടിലെയും പമ്പാനദിയിലെയും മീനുകളും ചത്തുപൊങ്ങിയിട്ടുണ്ട്. പള്ളത്തി, കുറുവ, പരൽ, തൂളി, വരാൽ തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി ചത്തത്. പുഞ്ചയിൽ നിന്ന് വെള്ളം തോട്ടിലേക്ക് ഒഴുകിയതോടെ മീനുകൾ ചത്തുപൊങ്ങുന്ന തോത് വർദ്ധിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ ആശുപത്രികളിൽ നിന്നുള്ള ടോയ്ലെറ്റ് മാലിന്യങ്ങൾ പുഞ്ചയിലേക്ക് തള്ളിയതാകാമെന്ന സംശയവും നാട്ടുകാർ ഉയർത്തുന്നുണ്ട്. ചില രാസവസ്തുക്കൾ കലർത്തിയ മാലിന്യം പുഞ്ചയിൽ ഒഴുക്കിയിരിക്കാമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവയ്ക്കുന്നു. അതേസമയം, 60 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിലെ കൃഷി അടുത്തിടെയാണ് കൊയ്തെടുത്തത്. ഒന്നോ രണ്ടോ തവണ കൂടി വെള്ളം കയറി ഇറങ്ങുന്നതോടെ സ്ഥിതി പൂർവസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷ.
.............................................................
കൊയ്ത്തിനുശേഷം അവശേഷിച്ച കച്ചിയും പുല്ലും നീക്കം ചെയ്യാതെ കിടന്ന സാഹചര്യത്തിൽ വെള്ളം കയറിയതോടെ അവ അഴുകി ചീഞ്ഞ് വെള്ളത്തിൽ കലർന്നിരിക്കാം. അതിൽ നിന്നുണ്ടായ ദുർഗന്ധവും ജലത്തിലെ ഓക്സിജൻ കുറവും മീനുകൾ ചാകാൻ കാരണമായിരിക്കാം.
ഗീവർഗീസ് പി. ജോർജ്
(വാർഡ് അംഗം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |