SignIn
Kerala Kaumudi Online
Wednesday, 08 July 2026 4.51 PM IST

ലക്ഷങ്ങൾ മുടക്കിയത് പാഴായോ..?​ പായലും പോളയും മൂടി കോതവിളച്ചാൽ

1
കുന്നന്താനം പഞ്ചായത്തിലെ ചെങ്ങരൂർ ചിറയിലെ കോതവിളച്ചാൽ.

മല്ലപ്പള്ളി : ലക്ഷങ്ങൾ മുടക്കി നവീകരിച്ച കുന്നന്താനം പഞ്ചായത്തിലെ ചെങ്ങരൂർച്ചിറയിലെ കോതവിളച്ചാൽ വീണ്ടും പായൽ മൂടി. വർഷങ്ങളായി പായലും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായിക്കിടന്ന കോതവിളച്ചാൽ ഒരു വർഷം മുൻപ് 18.81 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയത്. ചാലിൽ നിറഞ്ഞിരുന്ന പോളയും പായലും നീക്കം ചെയ്യുകയും ഇതോടൊപ്പം 60 മീറ്റർ ആഴം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. മല്ലപ്പള്ളി - കുന്നന്താനം - തിരുവല്ല റോഡിൽ നിന്നും ചാലിലേക്ക് ഇറങ്ങുന്നതിനായി കരിങ്കല്ലു കൊണ്ട് സംരക്ഷണഭിത്തി നിർമ്മിച്ച് റാംമ്പും നിർമ്മിക്കുന്ന പദ്ധതിയുടെ നിർമ്മാണം നടന്നുവരികയാണ്. ചെറുകിട ജലസേചന വകുപ്പാണ് തുക അനുവദിച്ചത്. 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തിയാണ് നടക്കുന്നത്. നവീകരണത്തിനു ശേഷം അധികൃതർ തുടർനടപടികൾ സ്വീകരിക്കാത്തതാണ് പായൽ വീണ്ടും വളരുവാൻ കാരണമായതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.ചാലിന്റെ രണ്ടാം ഘട്ട പ്രവർത്തികൾക്കായി 50 ലക്ഷം രൂപയുടെ പദ്ധതിയും അന്ന് ചെറുകിട ജലസേചന വകുപ്പിന് സമർപ്പിച്ചിരുന്നു. 2024-25 വർഷത്തെ പഞ്ചായത്ത് പദ്ധതിയിൽ 30ലക്ഷം രൂപയുടെ നവീകരണ പ്രവർത്തികൾ നടപ്പാക്കുന്നതിനും വിഭാവനം ചെയ്തിരുന്നു. ഈ തുകയ്ക്കുള്ള പ്രവർത്തികളൊന്നും നടപ്പായില്ല. സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് പണികൾ നടത്തുവാൻ കഴിയുമെന്നാണ് അധികൃതർ അറിയിച്ചത്. കുന്നന്താനം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചാലിന് 2.50 ഏക്കർ വിസ്‌തൃതിയാണുള്ളത്. മുണ്ടുകുഴി, പാറാങ്കൽ, ഉമിക്കുന്ന്, പൂച്ചവയൽ, ഒട്ടിയകുഴി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള തോടുകളിലെ ജലം ഒഴുകിയെത്തുന്നതും ഇവിടേക്കാണ്. ഇവിടുന്ന് പനയമ്പാല തോട്ടിലേക്കും ഒഴുകുന്നു. 2018-ൽ 2.50 കോടി രൂപയുടെ പദ്ധതി തയാറാക്കിയെങ്കിലും പദ്ധതി പ്രാവർത്തികമായില്ല.

പദ്ധതി ഇങ്ങനെ

റീ ബിൽഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതിയിൽ ചെറുകിട ജലസേചനവകുപ്പാണ് പദ്ധതി തയാറാക്കി സമർപ്പിച്ചത്. ചാലിന് ആഴം വർദ്ധിപ്പിക്കുന്നിതിനും ചുറ്റും സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും ഇവിടെക്കെത്തുന്ന തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുമായിരുന്നു പദ്ധതി.

............................................................................................

നവീകരണം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുമ്പ് പായലും പോളയും പഴയ നിലയിൽ പടർന്നു പിടിച്ചിരിക്കുകയാണ്. ജലാശയം വീണ്ടും പഴയതുപോലെ ഉപയോഗശൂന്യ മാകുന്ന അവസ്ഥയിലാണ് അധികൃതർ അടിയന്തര ഇടപെടൽ നടത്തണം.

സുരേന്ദ്രൻ

(പ്രദേശവാസി)

........................................................

നവീകരണം നടത്തിയത് 18.81 മുടക്കി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL