
കൊടുമൺ : രണ്ടാംകുറ്റി വളവിലെ മാലിന്യ നിക്ഷേപംതുടരുന്നു. പുതിയ കൊടുമൺ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ നടപടി എടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. പഞ്ചായത്തിന്റെ ആദ്യ ബഡ്ജറ്റിനു ശേഷം ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി പറഞ്ഞിരുന്നു. പിന്നീട് ഇവിടെ സോളാർ ക്യാമറ വെയ്ക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ ബഡ്ജറ്റ് കഴിഞ്ഞു മാസങ്ങൾക്കിപ്പുറവും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഏഴംകുളം - കൊടുമൺ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് ഈ ഭാഗം. രണ്ടാം കുറ്റി വളവ് കൊടുമൺ പഞ്ചായത്ത് പരിധിയിലാണ്. പുതുമല റേഷൻ കട ജംഗ്ഷനിൽ പഞ്ചായത്ത് പരിധി ആരംഭിക്കുന്നത് മുതൽ രണ്ടാം കുറ്റി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് വിജനമാണ്. കൂടുതലായും കുട്ടികളുടെ ഉപയോഗിച്ച ഡയപ്പർ അവശിഷ്ടമാണ് ചെറിയ കവറുകളിലാക്കി ഇവിടെ കൊണ്ടു വന്നു നിക്ഷേപിച്ചു പോകുന്നത്. തുടർച്ചയായ മാലിന്യ നിക്ഷേപം കാരണം രൂക്ഷമായ ദുർഗന്ധമാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. അടിയന്തരമായി ഈ ഭാഗത്തു പഞ്ചായത്ത് അധികൃതർ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും ആരോഗ്യ വിഭാഗത്തിന്റെയും പൊലീസിന്റെയും കർശന പരിശോധന നടപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |